Skip to content

ഇത് ചരിത്രം ! ലോക ചാമ്പ്യന്മാർക്കെതിരെ അട്ടിമറി വിജയവുമായി അഫ്ഗാനിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത് അഫ്ഗാനിസ്ഥാൻ. ഡൽഹിയിൽ നടന്ന മത്സരത്തിൽ 69 റൺസിൻ്റെ വമ്പൻ വിജയമാണ് അതിശക്തരായ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ നേടിയത്.

മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 40.3 ഓവറിൽ 215 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 61 പന്തിൽ 66 റൺസ് നേടിയ യുവതാരം ഹാരി ബ്രൂക്ക് മാത്രമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. എന്നാൽ താരത്തെ പുറത്താക്കികൊണ്ട് ഇംഗ്ലണ്ടിൻ്റെ അവസാന പ്രതീക്ഷയും മുജീബ് റഹ്മാൻ തകർത്തു.

ക്യാപ്റ്റൻ ജോസ് ബട്ട്ലർ 18 പന്തിൽ 9 റൺസ് നേടിയപ്പോൾ ജോ റൂട്ട് 17 പന്തിൽ 11 റൺസ് നേടി പുറത്തായി.

അഫ്ഗാന് വേണ്ടി പന്തെറിഞ്ഞ എല്ലാവരും തന്നെ നിർണായക പങ്ക് വഹിച്ചു. മുജീബ് റഹ്മാൻ 10 ഓവറിൽ 51 റൺസ് വഴങ്ങി 3 വിക്കറ്റും റാഷിദ് ഖാൻ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മൊഹമ്മദ് നബി രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 57 പന്തിൽ 8 ഫോറും 4 സിക്സും അടക്കം 80 റൺസ് നേടി തകർത്തടിച്ച റഹ്മതുള്ള ഗുർബാസിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഇക്രം അലിഖിൽ 66 പന്തിൽ 58 റൺസ് നേടി. വാലറ്റത്തിൽ 22 പന്തിൽ 23 റൺസ് നേടിയ റാഷിദ് ഖാനും 16 പന്തിൽ 28 റൺസ് നേടിയ മുജീബ് റഹ്മാൻ്റെയും പ്രകടനം അഫ്ഗാന് ഗുണം ചെയ്തു.

ഒക്ടോബർ 18 ന് ന്യൂസിലൻഡിനെതിരെയാണ് അഫ്ഗാൻ്റെ അടുത്ത മത്സരം. ഒക്ടോബർ 21 ന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഇംഗ്ലണ്ടിൻ്റെ അടുത്ത മത്സരം.