Skip to content

അങ്ങനെ കളിച്ചാൽ എങ്ങനെ ജയിക്കാനാണ്! ബാബർ അസമിനെ വിമർശിച്ച് ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ യ്ക്കെതിരെ ഏകപക്ഷീയ തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലോകകപ്പിന് മുൻപ് താൻ ഏറ്റവും അധികം കാത്തിരിക്കുന്നത് ബാബറിൻ്റെ പ്രകടനത്തിനായാണെന്ന് ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ ലോകകപ്പിലെ താരത്തിൻ്റെ പ്രകടനം ഗംഭീറിനെ തൃപ്തിപെടുത്തിയില്ല.

മത്സരത്തിൽ 50 റൺസ് നേടിയാണ് ബാബർ അസം പുറത്തായത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ താരത്തിൻ്റെ ആദ്യ ഫിഫ്റ്റിയാണിത്. എന്നാൽ ബാബർ അസം കളിച്ചത് ഫിഫ്റ്റിയ്ക്ക് വേണ്ടിയായിരുന്നുവെന്നും ഭീരുവിനെ പോലെയാണ് ബാബർ അസം ബാറ്റ് ചെയ്തതെന്നും ഗംഭീർ തുറന്നടിച്ചു.

” ബാബർ അസം അങ്ങേയറ്റം ഭീരുവിനെ പോലെയാണ് ബാറ്റ് ചെയ്തത്. ഒരു കൂട്ടുകെട്ടിൽ രണ്ട് ബാറ്റ്സ്മാന്മാർക്കും ഒരുപോലെ ബാറ്റ് ചെയ്യുവാൻ സാധിക്കുകയില്ല. നിങ്ങൾ റൺസിന് വേണ്ടിയോ ഫിഫ്റ്റിയ്ക്ക് വേണ്ടിയോ കളിക്കുകയാണെങ്കിൽ ഇത്രയും ഫലങ്ങളായിരിക്കും ലഭിക്കുക. “

” ബാബർ അസം ഒരുപാട് റൺസ് നേടിയിട്ടുണ്ട്. മുൻപെല്ലാം പാകിസ്ഥാൻ തുടക്കത്തിൽ വളരെ ആക്രമിച്ചാണ് കളിക്കുക. ഷാഹിദ് അഫ്രീദി, ഇമ്രാൻ നാസിർ, തൗഫീഖ് അഹമ്മദ് അവരെല്ലാം കളിക്കുന്ന സമയം അവർ അങ്ങനെയായിരുന്നു. പിന്നീട് മധ്യ ഓവറുകളിൽ അവർ മെല്ലെ കളിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ എതിർ ടീമിനെതിരെ ആക്രമിച്ച് കളിക്കുന്ന ഒരാൾ പോലും അവരുടെ മുൻനിരയിൽ ഇല്ല. ” ഗംഭീർ വിമർശനമായി ഉന്നയിച്ചു.