Skip to content

ഈ വിജയം അവർക്ക് വേണ്ടി ! ചരിത്രവിജയം ആ ജനങ്ങൾക്കെന്ന് മുജീബ് റഹ്മാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് ചരിത്രവിജയം നേടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. അതിശക്തമായ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ അഫ്ഗാൻ്റെ സ്പിൻ ട്രിയോയാണ് തകർത്തത്.

ഡൽഹി ഫിറോസ് ഷാ കോട്ലയിൽ നടന്ന മത്സരത്തിൽ 69 റൺസിൻ്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 40.3 ഓവറിൽ 215 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ലോകകപ്പ് ചരിത്രത്തിലെ അഫ്ഗാനിസ്ഥാൻ്റെ രണ്ടാമത്തെ വിജയം മാത്രമാണിത്.

ബൗളിങിലും ബാറ്റിങിലും മികവ് പുലർത്തിയ മുജീബ് റഹ്മാമാനാണ് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് വേണ്ടി 16 പന്തിൽ 3 ഫോറും ഒരു സിക്സും ഉൾപ്പടെ 28 റൺസ് നേടിയ താരം മറുപടി ബാറ്റിങിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ജോ റൂട്ട്, ക്രൈസ്റ്റ് വോക്സ്, ഹാരി ബ്രൂക്ക് എന്നീ നിർണ്ണായക വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

മത്സരത്തിലെ തൻ്റെ പ്രകടനവും ചരിത്രവിജയവും അഫ്ഗാനിൽ ഭൂകമ്പത്തിൽ ദുരിതബാധിതരായ ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചിരിക്കുകയാണ് മുജീബ് റഹ്മാൻ. കഴിഞ്ഞ ആഴ്ച്ച ഉണ്ടായ ഭൂകമ്പത്തിൽ 2000 ലധികം പേർക്ക് ജീവൻ നഷ്ടപെട്ടിരുന്നു. കൂടാതെ അനേകം പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. നേരത്തെ ഈ ലോകകപ്പിൽ നിന്നും ലഭിക്കുന്ന മാച്ച് ഫീ മുഴുവനും ദുരിതബാധിതർക്ക് നൽകുമെന്ന് റാഷിദ് ഖാൻ വ്യക്തമാക്കിയിരുന്നു.