Skip to content

അടുത്ത വിജയം മനുഷ്യരാശിയ്ക്ക് വേണ്ടി സമർപ്പിക്കൂ ! റിസ്വാനെതിരെ മുൻ പാക് താരം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഏറ്റുവാങ്ങിയ തോൽവിയ്ക്ക് പുറകെ പാക് താരം മൊഹമ്മദ് റിസ്വാനെ വിമർശിച്ച് രംഗത്തെത്തി മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ.

മത്സരത്തിൽ 7 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മൽസരത്തിനിടെ കാണികളിൽ നിന്നും വലിയ പ്രതിഷേധം മൊഹമ്മദ് റിസ്‌വാൻ ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് ശേഷം തൻ്റെ പ്രകടനം ഗാസയിലെ സഹോദരങ്ങൾക്കായി റിസ്വാൻ സമർപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം ആളുകൾക്കൊപ്പം മുൻ പാക് താരം കൂടിയായ കനേരിയ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തുകൊണ്ടാണ് റിസ്വാൻ പാകിസ്ഥാനെ വിജയത്തിൽ എത്തിച്ചത്. വിജയത്തിന് പുറകെ ഈ വിജയം ഗാസയിലെ സഹോദരി സഹോദരന്മാർക്ക് വേണ്ടിയുള്ളതാണെന്ന് റിസ്വാൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ തോൽവിയ്ക്ക് പുറകെ അടുത്ത വിജയം മനുഷ്യരാശിയ്ക്ക് വേണ്ടി സമർപ്പിക്കാൻ ശ്രമിക്കണമെന്ന് പറഞ്ഞുകൊണ്ട് റിസ്വാനെ വിമർശിച്ചിരിക്കുകയാണ് കനേരിയ. ദൈവം ഒരിക്കലും ക്രൂരതയെ പിൻതുണയ്ക്കുകയില്ലെന്നും കനേരിയ പറഞ്ഞു.

ഇസ്രായേൽ പലസ്തീൻ യുദ്ധം കായിക മേഖലകളിൽ എല്ലായ്പ്പോഴും ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റിലും അത് ആവർത്തിക്കുകയാണ്. മറുഭാഗത്ത് ഇന്ത്യൻ താരങ്ങൾ ഇക്കാര്യത്തിൽ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. കളിക്കളത്തിൽ ഇത്തരം കാര്യങ്ങളിൽ യാതൊരു വിധ പ്രതിഷേധമോ പിന്തുണ അറിയിക്കലോ ഐസിസി അനുവദിക്കില്ല. കഴിഞ്ഞ ലോകകപ്പിൽ ആർമി ചിഹ്നമുള്ള ഗ്ലൗസ് ധരിക്കാൻ എം എസ് ധോണിയെ ഐസിസി അനുവദിക്കാതിരുന്നത് അതിന് ഉദാഹണമായിരുന്നു.