Skip to content

ഏകദിനത്തിൽ ആ റെക്കോർഡ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി കുറിച്ച ഹിറ്റ്മാൻ പാകിസ്ഥാനെതിരെയും തകർത്താടിയപ്പോൾ അനായാസ വിജയം ഇന്ത്യ മത്സരത്തിൽ കുറിച്ചു. മത്സരത്തിലെ പ്രകടനത്തോടെ ഏകദിനത്തിൽ മറ്റൊരു ഇന്ത്യൻ താരത്തിനും നേടാനാകാത്ത റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കി.

192 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 63 പന്തിൽ 6 ഫോറും 6 സിക്സും ഉൾപ്പടെ 86 റൺസ് രോഹിത് ശർമ്മ നേടിയിരുന്നു.

മത്സരത്തിൽ നേടിയ മൂന്നാം സിക്സോടെ ഏകദിന ക്രിക്കറ്റിൽ 300 സിക്സ് രോഹിത് ശർമ്മ പൂർത്തിയാക്കി. ഏകദിന ക്രിക്കറ്റിൽ 300 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ താരവും ലോകത്തിലെ മൂന്നാമത്തെ ബാറ്റ്സ്മാനും കൂടിയാണ് രോഹിത് ശർമ്മ.

351 സിക്സ് നേടിയ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി, 331 സിക്സ് നേടിയ ക്രിസ് ഗെയ്ൽ എന്നിവരാണ് ഇതിന് മുൻപ് 300 സിക്സ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ. ഇവരിൽ ഏറ്റവും വേഗത്തിൽ 300 സിക്സ് പൂർത്തിയാക്കിയതും ഹിറ്റ്മാൻ തന്നെയാണ്.

നേരത്തെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ നേടിയ 6 സിക്സ് അടക്കം അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിൽ നിന്നുമായി 602 സിക്സ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്.