Skip to content

ചരിത്രം തിരുത്തികുറിക്കാൻ എത്തിയ പാകിസ്ഥാനെ ചാരമാക്കി ഇന്ത്യ! ഇത് എട്ടാം വിജയം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ അതിഗംഭീര വിജയം കുറിച്ച് ഇന്ത്യ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു രോഹിത് ശർമ്മയുടെയും കൂട്ടരുടെയും വിജയം.

ചരിത്രം തിരുത്തികുറിക്കാൻ എത്തിയ പാകിസ്ഥാനെതിരെ ചരിത്രത്തിലെ തന്നെ ഏറ്റവും അനായാസ വിജയം ഇന്ത്യ കുറിച്ചു. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യം 30.3 ഓവറിൽ ഇന്ത്യ മറികടന്നു.63 പന്തിൽ 6 ഫോറും 6 സിക്സും ഉൾപ്പെടെ 86 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. ശ്രേയസ് അയ്യർ 62 പന്തിൽ 53 റൺസ് നേടി.

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ തോൽവി അറിയാതെ ഇന്ത്യ നേടുന്ന എട്ടാം വിജയമാണിത്. ഇതുവരെ ഒരിക്കൽ പോലും ഏകദിന ലോകകപ്പിൽ ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാന് സാധിച്ചിട്ടില്ല.

ലോകകപ്പ് ചരിത്രത്തിൽ തോൽവി അറിയാതെ ഒരു ടീമിനെതിരെ ഏറ്റവും വിജയം നേടുന്ന ടീമായി ഇന്ത്യ മാറി. ഈ വിജയത്തോടെ പാകിസ്ഥാൻ്റെ റെക്കോർഡിനൊപ്പമാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ ശ്രീലങ്കയെ എട്ടിൽ എട്ട് മത്സരങ്ങളിലും പാകിസ്ഥാൻ പരാജയപെടുത്തിയിട്ടുണ്ട്. ഈ മത്സരത്തിന് മുൻപായി നടന്ന മത്സരത്തിൽ ശ്രീലങ്കയെ പരാജയപെടുത്തികൊണ്ടാണ് ഈ റെക്കോർഡ് നേരത്തെ പാകിസ്ഥാൻ സ്വന്തമാക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 191 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 50 റൺസ് നേടിയ ബാബർ അസമും 49 റൺസ് നേടിയ റിസ്വാനും മാത്രമാണ് പാക് താരങ്ങളിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, ഹാർദിക്ക് പാണ്ഡ്യ, മൊഹമ്മദ് സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.