Skip to content

രോഹിത് ശർമ്മയല്ല ! പ്ലേയർ ഓഫ് ദി മാച്ചിൽ സർപ്രൈസ്

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെയും തകർത്ത് കൊണ്ട് കുതിപ്പ് തുടരുകയാണ് ആതിഥേയരായ ഇന്ത്യ. 7 വിക്കറ്റിൻ്റെ അനായാസ വിജയമാണ് ഇന്ത്യ കുറിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. എന്നാൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത് മറ്റൊരു താരത്തിനാണ്.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി 36 പന്തിൽ ഫിഫ്റ്റി നേടി രോഹിത് ശർമ്മ 63 പന്തിൽ 6 ഫോറും 6 സിക്സും ഉൾപ്പടെ 86 റൺസ് നേടിയിരുന്നു. എന്നാൽ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ച ജസ്പ്രീത് ബുംറയെയാണ് പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്.

ബുംറയ്ക്കൊപ്പം മൊഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദ്, ഹാർദിക്ക് പാണ്ഡ്യ എന്നിവരും രണ്ട് വിക്കറ്റ് വീതം നേടിയിരുന്നു. എന്നാൽ 7 ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയാണ് ബുംറ രണ്ട് വിക്കറ്റ് നേടിയത്. 49 റൺസ് നേടിയ മൊഹമ്മദ് റിസ്വാൻ, 2 റൺസ് നേടിയ അവരുടെ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ എന്നിവരുടെ വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. മൂന്ന് മത്സരങ്ങളിൽ നിന്നും എട്ട് വിക്കറ്റ് നേടി ലോകകപ്പിലെ ടോപ് വിക്കറ്റ് ടേക്കറായും ബുംറ മാറി.

മറുഭാഗത്ത് മൂന്ന് മത്സരങ്ങളിൽ നിന്നും 72.33 ശരാശരിയിൽ 217 റൺസ് നേടിയ രോഹിത് ശർമ്മ ഈ ലോകകപ്പിലെ മൂന്നാമത്തെ ടോപ് റൺ സ്കോററായി മാറി. മൊഹമ്മദ് റിസ്വാനും ഡെവൻ കോൺവെയും മാത്രമാണ് രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്. വിജയത്തോടെ ന്യൂസിലൻഡിനെ പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.