Skip to content

ഇങ്ങനെയുണ്ടോ നിർഭാഗ്യം ! തിരിച്ചുവരവിൽ കെയ്ൻ വില്യംസണ് വീണ്ടും പരിക്ക്

നീണ്ട ഇടവേളയ്ക്ക് തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ഈ ലോകകപ്പിൽ ന്യൂസിലൻഡിന് തുടർച്ചയായ മൂന്നാം വിജയം സമ്മാനിച്ചിരിക്കുകയാണ് കെയ്ൻ വില്യംസൺ. സന്നാഹ മത്സരങ്ങളിൽ കളിച്ചിരുന്നുവെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിൽ വില്യംസൺ കളിച്ചിരുന്നില്ല.

മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലൻഡിൻ്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 246 റൺസിൻ്റെ വിജയലക്ഷ്യം 42.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. കെയ്ൻ വില്യംസൺ 107 പന്തിൽ 78 റൺസ് നേടിയപ്പോൾ ഡാരൽ മിച്ചൽ 59 പന്തിൽ 89 റൺസും ഡെവൻ കോൺവെ 45 റൺസും നേടി.

എന്നാൽ തിരിച്ചുവരവിൽ വീണ്ടും കെയ്ൻ വില്യംസണ് പരിക്കേറ്റിരിക്കുകയാണ്. മത്സരത്തിൽ ഏറെകുറെ ന്യൂസിലൻഡ് വിജയം ഉറപ്പിച്ച ഘട്ടത്തിൽ റൺസിനായി ഓടുന്നതിനിടെ ബംഗ്ലാദേശ് താരത്തിൻ്റെ ത്രോ വിരലിൽ കൊണ്ടാണ് വില്യംസണ് പരിക്ക് പറ്റിയത്. ഇതിന് പുറകെ താരം ക്രീസിൽ നിന്നും മടങ്ങുകയും ചെയ്തു.

ഈ വർഷത്തെ ഐ പി എല്ലിലെ ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് കെയ്ൻ വില്യംസണ് പരിക്ക് പറ്റിയത്. പിന്നീട് നിരവധി പരമ്പരകൾ താരത്തിന് നഷ്ടപെട്ടിരുന്നു. ഒടുവിൽ ഏകദിന കപ്പിലെ സന്നാഹ മത്സരത്തോടെയാണ് പ്രൊഫഷനൽ ക്രിക്കറ്റിൽ വില്യംസൺ തിരിച്ചുവരവ് അറിയിച്ചത്.

ലോകകപ്പിലേക്ക് വരുമ്പോൾ തുടർച്ചയായ മൂന്നാം വിജയം നേടിയ ന്യൂസിലൻഡ് പോയിൻ്റ് ടേബിളിൽ സൗത്താഫ്രിക്കയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത ന്യൂസിലൻഡ് രണ്ടാം മത്സരത്തിൽ നെതർലൻഡ്സിനെയും പരാജയപെടുത്തിയിരുന്നു.