Skip to content

ക്രിക്കറ്റ് ഒളിമ്പിക്സ് ഉറപ്പിച്ചോ ! ഇനി ഒരേയൊരു കടമ്പ മാത്രം

ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്താൻ ഇനി ഒരേയൊരു കടമ്പ മാത്രം ബാക്കി. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ശുപാർശയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി ഇന്ന് അനുവാദം നൽകിയിരിക്കുകയാണ്.

ഇതോടെ ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുമെന്ന് ഏറെകുറെ ഉറപ്പായി കഴിഞ്ഞു. ഒക്ടോബർ 14 മുതൽ 16 വരെ മുംബൈയിൽ നടക്കുന്ന സെഷനിൽ പുതിയ കായിക ഇനങ്ങൾ ഉൾപ്പെടുത്തുന്നതിൽ നടക്കുന്ന വോട്ടിങ് മാത്രമാണ് ഇനി ക്രിക്കറ്റിന് മുൻപിലുള്ള കടമ്പ. ക്രിക്കറ്റ്, ബേസ്ബോൾ, ഫ്ളാഗ് ഫുട്ബോൾ, ലാക്രൈസ്റ്റ്, സ്ക്വാഷ് എന്നീ അഞ്ച് കായിക ഇനങ്ങൾ ഉൾപെടുത്താനാണ് ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് സംഘാടകർ ശുപാർശ ചെയ്തത്. ഇതിനാണ് ഇപ്പോൾ ഒളിബിക്സ് കമ്മിറ്റി അംഗീകാരം നൽകിയത്.

ഇതിന് മുൻപ് 1900 ൽ മാത്രമാണ് ക്രിക്കറ്റ് ഒളിമ്പിക്സിൻ്റെ ഭാഗമായത്. അന്ന് ഒളിമ്പിക്സിലെ 18 കായിക ഇനങ്ങളിൽ ഒന്നായിരുന്നു ക്രിക്കറ്റ്. ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിൽ വില്ലന്മാരായി നിന്നത് ക്രിക്കറ്റിലെ പ്രധാന ക്രിക്കറ്റ് ബോർഡുകൾ തന്നെയായിരുന്നു. കുഞ്ഞൻ ബോർഡുകൾക്ക് ഗുണകരമാകുമെങ്കിലും ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ഉൾപ്പെടുന്ന ക്രിക്കറ്റ് ബോർഡുകൾക്ക് ഇത് കാര്യമായി ഗുണം ചെയ്യില്ല. കൂടാതെ തങ്ങളുടെ ക്രിക്കറ്റ് കലണ്ടറിനെ ബാധിക്കുമെന്നതിനാൽ വലിയ എതിർപ്പ് ഈ ബോർഡുകൾ ഉന്നയിച്ചിരുന്നു.

പിന്നീട് ക്രിക്കറ്റ് കൂടുതൽ ലോകോത്തരമാകുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഐസിസിയാണ് ഇക്കാര്യത്തിൽ മുൻകൈ എടുക്കുകയും ക്രിക്കറ്റ് ഉൾപ്പെടുത്താൻ വലിയ ശ്രമങ്ങൾ നടത്തുകയും ചെയ്തത്. പിന്നീട് ബിസിസിഐ അടക്കമുള്ള ബോർഡുകൾ ഗ്രീൻ സിഗ്നൽ നൽകിയതും ഗുണം ചെയ്തു. കോമൺവെൽത്ത് ഗെയിംസിൽ അടക്കം ക്രിക്കറ്റ് തിരിച്ചെത്തുകയും കൂടാതെ ഏഷ്യൻ ഗെയിംസിലേക്ക് ചരിത്രത്തിൽ ആദ്യമായി ബിസിസിഐ ടീമിനെ അയക്കുകയും ചെയ്തു.

ഒളിമ്പിക്സിൽ ക്രിക്കറ്റ് വരുന്നതിൽ വരുമാനത്തിൻ്റെ കാര്യത്തിൽ ഒളിമ്പിക്സിന് തന്നെയാണ് ഗുണം ചെയ്യുക. ക്രിക്കറ്റ് ഉൾപ്പെടുത്തിയാൽ ഇന്ത്യയിൽ നിന്നും മാത്രം മീഡിയ റൈറ്റ്സിലൂടെ 1600 കോടിയിലധികം രൂപ ഒളിമ്പിക്സിന് ലഭിക്കും. നിലവിൽ വെറും 16 കോടി രൂപ മാത്രമാണ് ഇന്ത്യയിൽ നിന്നും മീഡിയ റൈറ്റ്സിലൂടെ ഒളിമ്പിക്സിന് ലഭിക്കുന്നത്.