Skip to content

ലോകകപ്പ് നടത്തുന്നത് ഐസിസിയോ ബിസിസിഐയോ ! വിമർശനവുമായി ഹഫീസ് രംഗത്ത്

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ലോകകപ്പിനെതിരെ വീണ്ടും വിമർശനവുമായി മുൻ പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ് രംഗത്ത്. ഇതിന് മുൻപ് ലോകകപ്പ് പൂർണ പരാജയമെന്ന് വിമർശിച്ച ഹഫീസ് ഇക്കുറി പുതിയ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്.

ഐസിസി ലോകകപ്പിനുള്ള പിച്ചുകളിൽ ഇന്ത്യ സ്വാധീനം ചെലുത്തുവെന്നും പിച്ചുകൾ ഇന്ത്യൻ ടീമിന് അനുകൂലമായാണ് ഒരുക്കുന്നതെന്നും ഹഫീസ് തുറന്നടിച്ചു. ചെന്നൈയിലെ രണ്ട് മത്സരങ്ങൾക്കായി രണ്ട് വ്യത്യസ്ത പിച്ചുകൾ ഒരുക്കിയത് ചൂണ്ടികാട്ടിയാണ് ഹഫീസ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ചെന്നൈയിൽ നടന്ന ഇന്ത്യ ഓസ്ട്രേലിയ മത്സരം സ്പിന്നർമാർക്ക് അനുകൂലമായിരുന്നു. എന്നാൽ ഇന്നലെ നടന്ന ന്യൂസിലാൻഡ് ബംഗ്ലാദേശ് മത്സരത്തിനുള്ള പിച്ച് അതിൽ നിന്നും പാടെ വ്യത്യസ്തമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹഫീസ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ഹൈദരബാദ്, ധർമ്മശാല, ഡൽഹി തുടങ്ങിയ വേദികളിലെ രണ്ട് മത്സരങ്ങൾക്കുള്ള പിച്ചുകളും സമാനമായിരുന്നുവെന്നും പക്ഷെ ചെന്നൈയിലേക്ക് വരുമ്പോൾ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ സ്പിൻ പിച്ച് ഒരുക്കിയത് ആരാണ് തീരുമാനം എടുക്കുന്നതെന്ന് തെളിയിച്ചുവെന്നും ഇന്ത്യ പാക് മത്സരം നടക്കുന്ന അഹമ്മദാബാദിലെ പിച്ച് ഇവിടെ നടന്ന ഇംഗ്ലണ്ട് – ന്യൂസിലൻഡ് മത്സരത്തിന് സമാനമല്ലെങ്കിൽ ഇക്കാര്യം ഉറപ്പിക്കാനാകുമെന്നും ഹഫീസ് പറഞ്ഞു.

പിച്ചുകളിൽ സ്വാധീനം ചെലുത്തുവാൻ പാടില്ലയെന്നും ഇതൊരു ഐസിസി ടൂർണമെൻ്റ് ആണെന്നും ഐസിസിയുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണം പിച്ച് ഒരുക്കേണ്ടതെന്നും ഹഫീസ് പറഞ്ഞു.