Skip to content

വിവാദ തീരുമാനം ! അമ്പയർമാരുമായി തർക്കിച്ച് ഓസ്ട്രേലിയൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പിൽ മോശം തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും മുൻ ലോക ചാമ്പ്യന്മാർ പരാജയപെട്ടു. സൗത്താഫ്രിക്കയ്ക്കെതിരെ വമ്പൻ തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. എന്നാൽ ചില വിവാദങ്ങൾക്കും മത്സരം വഴിവെച്ചിരിക്കുകയാണ്.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 177 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. മത്സരത്തിലെ സ്റ്റീവ് സ്മിത്തൻ്റെയും മാർക്കസ് സ്റ്റോയിനിസിൻ്റെ വിക്കറ്റുകൾ വിവാദങ്ങൾക്കും കാരണമായിരിക്കുന്നത്.

സ്റ്റീവ് സ്മിത്തിൻ്റെ പുറത്താകലോടെയാണ് വിവാദം ആരംഭിച്ചത്. പത്താം ഓവറിൽ റബാഡയുടെ പന്ത് സ്മിത്തിൻ്റെ പാഡിൽ കൊള്ളുകയും അമ്പയർ ഔട്ട് വിധിക്കാത്തതിനെ തുടർന്ന് സൗത്താഫ്രിക്ക തീരുമാനം റിവ്യൂ ചെയ്യുകയും ചെയ്തു. ഒറ്റ നോട്ടത്തിൽ സ്റ്റമ്പ് മിസ്സാകുമെന്ന് തോന്നിച്ചുവെങ്കിലും ഏവരെയും ഞെട്ടിച്ചുകൊണ്ട് HawkEye യിൽ വിക്കറ്റിൽ ഹിറ്റാകുന്നതായി കാണിക്കുകയായിരുന്നു. ഈ തീരുമാനം ഓൺ ഫീൽഡ് അമ്പയറെ പോലും ഞെട്ടിച്ചു.

അതിന് ശേഷമാണ് കൂടുതൽ വിവാദമായ രീതിയിൽ സ്റ്റോയിനിസ് പുറത്തായത്. ഇക്കുറിയും റബാഡ തന്നെയായിരുന്നു പന്തെറിഞ്ഞത്. ലെഗ് സൈഡിലേക്ക് പോയ പന്ത് ഗംഭീര ഡൈവിലൂടെ ഡീകോക്ക് കൈപ്പിടിയിൽ ഒതുക്കുകയും അമ്പയർ ഔട്ട് വിധിക്കാത്തതോടെ തീരുമാനം റിവ്യൂ ചെയ്യുകയും ചെയ്തു. ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയർ ഗ്ലൗസിൽ ടച്ച് ഉണ്ടെന്ന് കണ്ടെത്തി ഔട്ട് വിധിക്കുകയും ചെയ്താൽ. എന്നാൽ താരത്തിൻ്റെ വലതുകയ്യിലാണ് പന്ത് കൊണ്ടത്. ആ സമയം ഇടതുകൈകൊണ്ട് മാത്രമാണ് സ്റ്റോയിനിസ് ബാറ്റ് പിടിച്ചിരുന്നത്.

തേർഡ് അമ്പയറുടെ തീരുമാനത്തിൽ അതൃപ്തനായ സ്റ്റോയിനിസ് ഏറെ നേരം അമ്പയർമാരോട് തർക്കിച്ച ശേഷമാണ് ക്രീസ് വിട്ടത്. ഈ തീരുമാനം ഓൺ ഫീൽഡ് അമ്പയർമാരെയും ആശയകുഴപ്പത്തിലാക്കിയിരുന്നു.