Skip to content

തുടർച്ചയായ രണ്ടാം തോൽവി ! പോയിൻ്റ് ടേബിളിൽ ഓസ്ട്രേലിയയുടെ അവസ്ഥ കണ്ടോ

ഐസിസി ഏകദിന ലോകകപ്പിൽ എക്കാലത്തെയും മോശം തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് ലഭിച്ചിരിക്കുന്നത്. ചെന്നൈയിൽ ഇന്ത്യയ്ക്കെതിരെ തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയ ലഖ്നൗവിൽ സൗത്താഫ്രിക്കയ്ക്കെതിരെ വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങിയത്.

134 റൺസിൻ്റെ വമ്പൻ തോൽവിയാണ് മത്സരത്തിൽ ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. സൗത്താഫ്രിക്ക ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 177 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

മത്സരത്തിലെ വമ്പൻ വിജയത്തോടെ സൗത്താഫ്രിക്ക ഇന്ത്യയെയും ന്യൂസിലൻഡിനെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയ പോയിൻറ് ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

അഫ്ഗാനിസ്ഥാൻ മാത്രമാണ് പോയിൻറ് ടേബിളിൽ ഓസ്ട്രേലിയയ്ക്ക് പിന്നിലുള്ളത്. രണ്ടാം തോൽവിയോടെ ഓസ്ട്രേലിയയുടെ നെറ്റ് റൺറേറ്റ് -1.846 ആയി കുറഞ്ഞു. ഓസ്ട്രേലിയക്കും അഫ്ഗാനിസ്ഥാനെയും കൂടാതെ ശ്രീലങ്ക നെതർലൻഡ്സ് എന്നീ ടീമുകൾക്കാണ് ഇതുവരെ വിജയം നേടുവാൻ സാധിക്കാത്തത്.

മത്സരത്തിലേക്ക് വരുമ്പോൾ തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയ ഡീകോക്കിൻ്റെ മികവിലാണ് 311 റൺസ് ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നേടിയത്. മറുപടി ബാറ്റിങിൽ ഓസ്ട്രേലിയയുടെ മുൻനിര ബാറ്റ്സ്മാന്മാരിൽ ആര്ക്കും തന്നെ തിളങ്ങാൻ സാധിച്ചില്ല. സ്മിത്ത് 19 റൺസും വാർണർ 13 റൺസും നേടി പുറത്തായി. 46 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ മാത്രമാണ് ബാറ്റ്സ്മാന്മാരിൽ പിടിച്ചുനിന്നത്. സ്റ്റാർക്ക് 27 റൺസും കമ്മിൻസ് 22 റൺസും നേടിയതുകൊണ്ട് മാത്രമാണ് ഓസ്ട്രേലിയൻ സ്കോർ 150 കടന്നത്.