Skip to content

ചരിത്രത്തിൽ ഇതാദ്യം ! ലോകകപ്പിൽ ആദ്യമായി ഓസ്ട്രേലിയക്കത് സംഭവിച്ചു

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഇന്ത്യയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ സൗത്താഫ്രിക്കയ്ക്കെതിരെയും വമ്പൻ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ഓസ്ട്രേലിയ.

ലഖ്നൗവിൽ നടന്ന മത്സരത്തിൽ 134 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ തോൽവി. സൗത്താഫ്രിക്ക ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 40.5 ഓവറിൽ 177 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

ലോകകപ്പിലെ ഓസ്ട്രേലിയയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. ഇതിന് മുൻപ് 2019 ലോകകപ്പിലെ സെമി ഫൈനൽ ഉൾപ്പടെ അവസാന രണ്ട് മത്സരങ്ങളിൽ ഓസ്ട്രേലിയ പരാജയപെട്ടിരുന്നു. 48 വർഷം നീണ്ട ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായ നാല് മത്സരങ്ങളിൽ ഓസ്ട്രേലിയ പരാജയപെടുന്നത്.

കൂടാതെ ലോകകപ്പ് ചരിത്രത്തിലെ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ തോൽവി കൂടിയാണിത്. ഇതിന് മുൻപ് 1983 ൽ ഇന്ത്യയ്ക്കെതിരെ ഏറ്റുവാങ്ങിയ 118 റൺസിൻ്റെ തോൽവിയായിരുന്നു ലോകകപ്പ് ചരിത്രത്തിലെ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ പരാജയം. 40 വർഷങ്ങൾക്ക് ശേഷം ആ റെക്കോർഡ് തകർത്തിരിക്കുകയാണ് സൗത്താഫ്രിക്ക.

ലോകകപ്പ് ചരിത്രത്തിൽ ഓസ്ട്രേലിയക്കെതിരായ സൗത്താഫ്രിക്കയുടെ മൂന്നാം വിജയമാണിത്. ഇതോടെ ഓസ്ട്രേലിയക്കെതിരെ ലോകകപ്പിൽ 50% വിജയം നേടുന്ന രണ്ടാമത്തെ ടീമായി സൗത്താഫ്രിക്ക മാറി. 6 മത്സരങ്ങളിൽ ഇരു ടീമുകൾ ഏറ്റുമുട്ടിയപ്പോൾ മൂന്ന് മത്സരത്തിൽ മാത്രമെ ഓസ്ട്രേലിയക്ക് വിജയിക്കാൻ സാധിച്ചുള്ളൂ. വെസ്റ്റിൻഡീസാണ് ഓസ്ട്രേലിയക്കെതിരെ 50% വിജയശതമാനമുള്ള മറ്റൊരു ടീം.