Skip to content

തകർന്നടിഞ്ഞ് ഓസ്ട്രേലിയ ! ഏറ്റുവാങ്ങിയത് വമ്പൻ തോൽവി

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി ഓസ്ട്രേലിയ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 134 റൺസിൻ്റെ വമ്പൻ തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 40.5 ഓവറിൽ 177 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 74 പന്തിൽ 46 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 27 റൺസ് നേടിയ സ്റ്റാർക്കും മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

ഡേവിഡ് വാർണർ 13 റൺസ് നേടി പുറത്തായപ്പോൾ സ്റ്റീവ് സ്മിത്ത് 19 റൺസും ഗ്ലെൻ മാക്സ്വെൽ 3 റൺസും നേടി പുറത്തായി. സൗത്താഫ്രിക്കയ്ക്കായി റബാഡ മൂന്ന് വിക്കറ്റും, കേശവ് മഹാരാജ്, ഷംസി, മാർക്കോ യാൻസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 106 പന്തിൽ 109 റൺസ് നേടിയ ഡീകോക്ക്, 44 പന്തിൽ 56 റൺസ് നേടിയ ഐയ്ഡൻ മാർക്രം എന്നിവരുടെ മികവിലാണ് 50 ഓവറിൽ 311 റൺസ് നേടിയത്. 10 ഓവറിൽ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ മാക്സ്വെൽ മാത്രമാണ് ഓസ്ട്രേലിയൻ ബൗളർമാരിൽ തിളങ്ങിയത്.

നേരത്തെ ആദ്യ മത്സരത്തിൽ ഇന്ത്യയോട് ഓസ്ട്രേലിയ പരാജയപെട്ടിരുന്നു. മറുഭാഗത്ത് തുടർച്ചയായ രണ്ടാം വിജയമാണ് സൗത്താഫ്രിക്ക നേടിയത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ സൗത്താഫ്രിക്ക പരാജയപെടുത്തിയിരുന്നു. ഒക്ടോബർ 16 ന് ശ്രീലങ്കയ്ക്കെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. തൊട്ടടുത്ത ദിവസം നെതർലൻഡ്സിനെതിരെയാണ് സൗത്താഫ്രിക്കയുടെ അടുത്ത മത്സരം.