Skip to content

സച്ചിന് പോലും 6 ലോകകപ്പ് വേണ്ടിവന്നു ! രോഹിത് ശർമ്മയുടെ നേട്ടത്തെ കുറിച്ച് രവി ശാസ്ത്രി

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് രോഹിത് ശർമ്മ തകർത്തത്. അതിൽ പ്രധാനപെട്ടതായിരുന്നു ലോകകപ്പിലെ സച്ചിൻ്റെ റെക്കോർഡ്. സച്ചിൻ്റെ ഈ വമ്പൻ റെക്കോർഡ് തകർത്തതിനെ കുറിച്ച് തൻ്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി.

ഐസിസി ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന സച്ചിൻ്റെ റെക്കോർഡാണ് അഫ്ഗാനെതിരായ സെഞ്ചുറിയോടെ രോഹിത് ശർമ്മ തകർത്തത്. ലോകകപ്പിലെ രോഹിത് ശർമ്മയുടെ ഏഴാം സെഞ്ചുറിയാണിത്. 6 സെഞ്ചുറിയാണ് സച്ചിൻ ടെണ്ടുൽക്കർ ലോകകപ്പിൽ നേടിയിട്ടുള്ളത്.

” എട്ട് വർഷം കൊണ്ട് ലോകകപ്പിൽ 7 സെഞ്ചുറി നേടുകയെന്നത് അസാമാന്യ നേട്ടമാണ്. 6 സെഞ്ചുറികൾ നേടുവാൻ സച്ചിൻ ടെണ്ടുൽക്കർക്ക് പോലും 6 ലോകകപ്പുകൾ വേണ്ടിവന്നു. രോഹിത് ശർമ്മയാകട്ടെ മൂന്ന് ലോകകപ്പിൽ നിന്നും 7 സെഞ്ചുറികൾ നേടി. അത് വളരെ വലുതാണ്. അവൻ ഇത് അവസാനിപ്പിച്ചിട്ടുമില്ല. ”

” ലോകകപ്പിൽ ഇനിയും ഒരുപാട് മത്സരങ്ങൾ നടക്കാനിരിക്കുന്നു. ഒരു ഓപ്പണിങ് ബാറ്റ്സ്മാൻ എന്ന നിലയിൽ മൂന്നോ നാലോ സെഞ്ചുറി അവൻ നേടാൻ സാധ്യതയുണ്ട്. ” രവി ശാസ്ത്രി പറഞ്ഞു.

ഇന്ത്യ 8 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 63 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മ 84 പന്തിൽ 16 ഫോറും 5 സിക്സും ഉൾപ്പടെ 131 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ സച്ചിനും കോഹ്ലിയ്ക്കും ശേഷം ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറിയിരുന്നു. 31 സെഞ്ചുറി ഏകദിനത്തിൽ രോഹിത് ശർമ്മ നേടിയിട്ടുണ്ട്. 30 സെഞ്ചുറി നേടിയ റിക്കി പോണ്ടിങിനെയാണ് ഹിറ്റ്മാൻ പിന്നിലാക്കിയത്.