Skip to content

5 വിക്കറ്റ് നേടിയ ശേഷം ഞാനത് നൽകാം !! ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ ഷഹീൻ ഷാ അഫ്രീദി

ഐസിസി ഏകദിന ലോകകപ്പിൽ നാളെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചുകൊണ്ട് തകർപ്പൻ ഫോമിലാണ് ഇരുടീമുകളും ഉള്ളത്. നാളെ നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ 5 വിക്കറ്റ് നേടുമെന്ന് പറഞ്ഞുവെച്ചിരിക്കുകയാണ് പാക് പേസർ ഷഹീൻ അഫ്രീദി.

നാളെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഒരു ലക്ഷത്തിലധികം കാണികൾ മത്സരത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയ ബിസിസിഐ ഈ മത്സരത്തിന് മുൻപ് മാത്രമായി പരിപാടികളും നടത്തുന്നുണ്ട്. അർജിത് സിങ് ഉൾപ്പടെയുള്ളവർ മത്സരത്തിന് മുൻപായി പരിപാടികൾ അവതരിപ്പിക്കും. സച്ചിൻ, രജനീകാന്ത് തുടങ്ങിയവർക്കൊപ്പം ഹോം മിനിസ്റ്റർ അമിത് ഷാ അടക്കമുള്ളവരും മത്സരം കാണുവാൻ എത്തും.

മത്സരത്തിനായി അഹമ്മദാബാദ് എത്തിയപ്പോഴും അഞ്ച് വിക്കറ്റ് താൻ നേടുമെന്ന് തമാശരൂപേണ ഷഹീൻ അഫ്രീദി പറഞ്ഞുവെച്ചത്. ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ ചിലർ സെൽഫി ചോദിച്ചപ്പോഴായിരുന്നു നാളെ ഇന്ത്യയ്ക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ ശേഷം സെൽഫി നൽകാമെന്ന മറുപടി ഷഹീൻ അഫ്രീദി നൽകിയത്.

ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെയും രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെയും ഇന്ത്യ പരാജയപെടുത്തിയിരുന്നു. മറുഭാഗത്ത് ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെയും രണ്ടാം മത്സരത്തിൽ ശ്രീലങ്കയെയുമാണ് പാകിസ്ഥാൻ പരാജയപെടുത്തിയത്. പോയിൻറ് ടേബിളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തും പാകിസ്ഥാൻ നാലാം സ്ഥാനത്തും ആണുള്ളത്. സൗത്താഫ്രിക്കയും ന്യൂസിലൻഡുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.