Skip to content

പാകിസ്ഥാൻ കുറിച്ചത് ചരിത്ര വിജയം ! തകർത്തത് അയർലൻഡിൻ്റെ വമ്പൻ റെക്കോർഡ്

ഐസിസി ഏകദിന ലോകകപ്പിൽ ചരിത്രവിജയവുമായി പാകിസ്ഥാൻ. ഹൈദരാബാദിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിൽ 6 വിക്കറ്റിൻ്റെ വിജയമാണ് പാകിസ്ഥാൻ കുറിച്ചത്.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 345 റൺസിൻ്റെ വിജയലക്ഷ്യം 48.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ പിന്തുടർന്നാണ് പാകിസ്ഥാൻ വിജയിച്ചത്. സെഞ്ചുറി നേടിയ മൊഹമ്മദ് റിസ്വാൻ്റെയും ഓപ്പണർ അബ്ദുള്ള ഷഫീഖിൻ്റെയും മികവിലാണ് ഈ വമ്പൻ വിജയലക്ഷ്യം പാകിസ്ഥാൻ മറികടന്നത്. 48 വർഷം നീണ്ട ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസ് കൂടിയാണിത്.

ഓസ്ട്രേലിയയുടെയോ ഇംഗ്ലണ്ടിൻ്റെയോ ഇന്ത്യയുടെയോ അല്ല അയർലൻഡിൻ്റെ പേരിലായിരുന്നു ഇതിന് മുൻപ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. 2011 ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 329 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ചാണ് ഈ റെക്കോർഡ് അയർലൻഡ് സ്വന്തമാക്കിയത്. അതിന് ശേഷം രണ്ട് ലോകകപ്പ് നടന്നുവെങ്കിലും മറ്റൊരു ടീമിനും ഈ റെക്കോർഡ് തകർക്കാൻ സാധിച്ചിരുന്നില്ല.

മത്സരത്തിലേക്ക് വരുമ്പോൾ 103 പന്തിൽ 113 റൺസ് നേടിയ അബ്ദുള്ള ഷഫീഖും 121 പന്തിൽ പുറത്താകാതെ 131 റൺസും നേടിയ മൊഹമ്മദ് റിസ്വാൻ്റെയും മികവിലാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തകർപ്പൻ വിജയം പാകിസ്ഥാൻ കുറിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 77 പന്തിൽ 122 റൺസ് നേടിയ കുശാൽ മെൻഡിസിൻ്റെയും 89 പന്തിൽ 108 റൺസ് നേടിയ സമരവിക്രമയുടേയും മികവിലാണ് മികച്ച സ്കോർ നേടിയത്.