Skip to content

സെഞ്ചുറിയുമായി റിസ്വാനും ഷഫീഖും ! ത്രില്ലർ പോരാട്ടത്തിൽ പാകിസ്ഥാന് ആവേശവിജയം

ഈ ലോകകപ്പിലെ ആദ്യ ത്രില്ലർ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്ത് പാകിസ്ഥാൻ. അവസാന ഓവറുകളിലേക്ക് നീണ്ട മത്സരത്തിൽ 6 വിക്കറ്റിൻ്റെ ആവേശവിജയമാണ് പാകിസ്ഥാൻ നേടിയത്. സെഞ്ചുറി നേടിയ അരങ്ങേറ്റക്കാരൻ അബ്ദുള്ള ഷഫീഖിൻ്റെയും മൊഹമ്മദ് റിസ്വാൻ്റെയും സെഞ്ചുറി മികവിലാണ് തകർപ്പൻ വിജയം പാകിസ്ഥാൻ നേടിയത്.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 345 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 48.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു.

തകർച്ചയോടെയാണ് പാകിസ്ഥാൻ തുടങ്ങിയത്. തുടക്കത്തിൽ തന്നെ ഇമാം ഉൾ ഹഖിനെയും ബാബർ അസമിനെയും അവർക്ക് നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റിൽ 173 റൺസ് കൂട്ടിചേർത്തുകൊണ്ട് അബ്ദുള്ള ഷഫീഖും റിസ്വാനും പാകിസ്ഥാനെ മത്സരത്തിൽ തിരിച്ചെത്തിച്ചു.

ഫഖർ സമാന് പകരം ടീമിൽ എത്തിയ അബ്ദുള്ള ഷഫീഖ് 103 പന്തിൽ 10 ഫോറും മൂന്ന് സിക്സും അടക്കം 113 റൺസ് നേടിയപ്പോൾ മൊഹമ്മദ് റിസ്വാൻ 121 പന്തിൽ 9 ഫോറും 3 സിക്സും അടക്കം 134 റൺസ് അടിച്ചുകൂട്ടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 77 പന്തിൽ 14 ഫോറും 6 സിക്സും ഉൾപ്പടെ 122 റൺസ് നേടിയ കുശാൽ മെൻഡിസ്, 89 പന്തിൽ 11 ഫോറും 2 സിക്സും ഉൾപ്പടെ 108 റൺസ് നേടിയ സമരവിക്രമ, 51 റൺസ് നേടിയ പാതും നിസങ്ക എന്നിവരുടെ മികവിലാണ് 50 ഓവറിൽ 344 റൺസ് നേടിയത്.

നാളത്തെ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഒക്ടോബർ പതിനാലിന് ഇന്ത്യയ്ക്കെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം. ഒക്ടോബർ പതിനാറിന് ഓസ്ട്രേലിയക്കെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം.