Skip to content

പിന്തുണയ്ക്ക് നന്ദി !! ഹൈദരാബാദിനോട് നന്ദി പറഞ്ഞ് ബാബർ അസം

ഐസിസി ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം കുറിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ പരാജയപെടുത്തിയ പാകിസ്ഥാൻ ശ്രീലങ്കയെ റെക്കോർഡ് റൺ ചേസിനൊടുവിലാണ് പരാജയപെടുത്തിയത്.

വലിയ പിന്തുണയാണ് രണ്ട് മത്സരങ്ങളിലും പാകിസ്ഥാൻ ടീമിന് കാണികളിൽ നിന്നും ലഭിച്ചത്. തങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം കാണികളോട് നന്ദി പറയുകയും ചെയ്തു.

” കഴിഞ്ഞ ഒന്നര ആഴ്ച്ചയോളം നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി ” മത്സരശേഷം ബാബർ അസം പറഞ്ഞു.

പാകിസ്ഥാൻ ആരാധകർക്ക് വിസ അനുവദിക്കാത്തതിനാൽ വലിയ പിന്തുണയൊന്നും പാകിസ്ഥാൻ പ്രതീക്ഷിച്ചിരുന്നില്ല. പാക് ടീമിന് പിന്തുണയേക്കാൾ കൂടുതൽ പ്രതിഷേധം ഉണ്ടാകുമെന്നാണ് ഏവരും കരുതിയത്. എന്നാൽ ഇന്ത്യയ്ക്കാർ ക്രിക്കറ്റിനെ എത്രത്തോളം സ്നേഹിക്കുന്നുവെന്നതിന് കാണിച്ചുതരുന്നതായിരുന്നു എയർപോർട്ടിൽ എത്തിയത് മുതൽ പാക് ടീമിന് ലഭിച്ച സ്വീകരണം.

മത്സരത്തിലേക്ക് വരുമ്പോൾ ശ്രീലങ്ക ഉയർത്തിയ 345 റൺസിൻ്റെ വിജയലക്ഷ്യം 48.2 ഓവറിലാണ് പാകിസ്ഥാൻ മറികടന്നത്. ലോകകപ്പ് ചരിത്രത്തിലെ റെക്കോർഡ് റൺ ചേസ് കൂടിയാണിത്. 103 പന്തിൽ 113 റൺസ് നേടിയ അബ്ദുള്ള ഷഫീഖും 121 പന്തിൽ 131 റൺസ് നേടി പുറത്താകാതെ നിന്ന മൊഹമ്മദ് റിസ്വാനുമാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്. ഒക്ടോബർ 14 ന് ഇന്ത്യയ്ക്കെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.