Skip to content

ഇന്ത്യൻ മണ്ണിൽ കഷ്ടപെട്ട് ബാബർ ! വീണ്ടും കുറഞ്ഞ സ്കോറിൽ പുറത്ത്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനം തുടർന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏഷ്യ കപ്പിലെ തൻ്റെ മോശം ഫോം ലോകകപ്പിലും തുടരുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ. നെതർലൻഡ്സിനെതിരെ തിളങ്ങാൻ സാധിക്കാതിരുന്ന താരം ഇപ്പോഴിതാ ശ്രീലങ്കയ്ക്കെതിരെയും കുറഞ്ഞ സ്കോറിൽ പുറത്തായിരിക്കുകയാണ്.

345 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി പാകിസ്ഥാന് 15 പന്തിൽ 10 റൺസ് നേടുവാൻ മാത്രമാണ് ബാബർ അസമിന് സാധിച്ചത്. എട്ടാം ഓവറിൽ ദിൽഷൻ മധുശങ്കയാണ് പാകിസ്ഥാൻ ക്യാപ്റ്റനെ പുറത്താക്കിയത്.

നേരത്തെ നെതർലൻഡ്സിനെതിരായ മത്സരത്തിൽ 18 പന്തിൽ 5 റൺസ് മാത്രം നേടിയാണ് ബാബർ അസം പുറത്തായത്. ഇന്ത്യൻ മണ്ണിലെ തൻ്റെ ആദ്യ രണ്ട് മത്സരങ്ങളിലും റൺസ് കണ്ടെത്താൻ പാടുപെടുന്ന ബാബറിനെയാണ് പാക് ആരാധകർക്ക് കാണാനാകുന്നത്. ഏഷ്യ കപ്പിൽ അടക്കം മോശം പ്രകടനമാണ് ബാബർ കാഴ്ച്ചവെച്ചത്.

ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ സെഞ്ചുറി ഒഴിച്ചുനിർത്തിയാൽ ദയനീയ പ്രകടനമായിരുന്നു ബാബർ കാഴ്ച്ചവെച്ചത്.

മത്സരത്തിലേക്ക് വരുമ്പോൾ കുശാൽ മെൻഡിസ്, സമരവിക്രമ എന്നിവരുടെ സെഞ്ചുറി മികവിൽ കൂറ്റൻ സ്കോർ ശ്രീലങ്ക നേടിയിരുന്നു. കുശാൽ മെൻഡിസ് 77 പന്തിൽ 122 റൺസ് നേടിയപ്പോൾ സമരവിക്രമ 89 പന്തിൽ 108 റൺസ് നേടി. ഇരുവരുടെയും മികവിൽ 50 ഓവറിൽ 344 റൺസ് ശ്രീലങ്ക നേടി. മത്സരത്തിൽ വിജയിച്ചാൽ ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരെ ശ്രീലങ്ക നേടുന്ന ആദ്യ വിജയമാകുമിത്.