Skip to content

പാകിസ്ഥാനെതിരായ സെഞ്ചുറി ! സംഗക്കാരയുടെ റെക്കോർഡ് തകർത്ത് കുശാൽ മെൻഡിസ്

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കൻ താരം കുശാൽ മെൻഡിസ് കാഴ്ച്ചവെച്ചത്. സൗത്താഫ്രിക്കയ്ക്കെതിരായ മികച്ച പ്രകടനം പാകിസ്ഥാനെതിരെയും തുടർന്ന താരം അതിവേഗത്തിൽ സെഞ്ചുറി നേടിയാണ് പുറത്തായത്. മത്സരത്തിലെ പ്രകടനത്തോടെ ഇതിഹാസ താരം കുമാർ സംഗക്കാരയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് കുശാൽ മെൻഡിസ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 344 റൺസ് നേടിയിരുന്നു. 77 പന്തിൽ 14 ഫോറും 6 സിക്സും ഉൾപ്പടെ 122 റൺസ് കുശാൽ മെൻഡിസ് അടിച്ചുകൂട്ടിയപ്പോൾ സമരവിക്രമ 89 പന്തിൽ 11 ഫോറും 2 സിക്സും ഉൾപ്പടെ 108 റൺസ് നേടിയാണ് പുറത്തായത്. പാതും നിസങ്ക 51 റൺസ് നേടി.

വെറും 65 പന്തിൽ നിന്നുമാണ് മത്സരത്തിൽ കുശാൽ മെൻഡിസ് സെഞ്ചുറി നേടിയത്. ഇതോടെ ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി കുശാൽ മെൻഡിസ് മാറി.

2015 ൽ ഇംഗ്ലണ്ടിനെതിരെ 70 പന്തിൽ സെഞ്ചുറി നേടിയ കുമാർ സംഗക്കാരയുടെ റെക്കോർഡാണ് കുശാൽ മെൻഡിസ് തകർത്തത്. ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തും സംഗക്കാര തന്നെയാണ് ഉള്ളത്. 2015 ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ 73 പന്തിൽ സംഗക്കാര സെഞ്ചുറി നേടിയിരുന്നു. 2011 ലോകകപ്പിൽ കാനഡയ്ക്കെതിരെ 80 പന്തിൽ സെഞ്ചുറി നേടിയ മഹേള ജയവർധനെയാണ് നാലാം സ്ഥാനത്തുള്ളത്. ഇന്നത്തെ മത്സരത്തിൽ 82 പന്തിൽ സെഞ്ചുറി നേടിയ സമരവിക്രമയ്ക്ക് അഞ്ചാം സ്ഥാനത്ത് എത്തുവാനും കഴിഞ്ഞു.