Skip to content

യുവിയ്ക്കും ഷാക്കിബിനും ശേഷം ഇതാദ്യം ! അപൂർവ്വ നേട്ടവുമായി സാൻ്റ്നർ

തകർപ്പൻ പ്രകടനമാണ് നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡ് താരം സാൻ്റ്നർ കാഴ്ച്ചവെച്ചത്. ബാറ്റിങിലും ബൗളിങിലും മികവ് പുലർത്താൻ സാൻ്റ്നർക്ക് സാധിച്ചു. മത്സരത്തിലെ ഈ പ്രകടനത്തോടെ ലോകകപ്പിൽ അപൂർവ്വ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ് താരം.

99 റൺസിനാണ് മത്സരത്തിൽ ന്യൂസിലൻഡ് വിജയിച്ചത്. ന്യൂസിലൻഡ് ഉയർത്തിയ 323 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 46.3 ഓവറിൽ 223 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഈ ലോകകപ്പിലെ ന്യൂസിലൻഡിൻ്റെ തുടർച്ചയായ രണ്ടാം വിജയം കൂടിയാണിത്.

മത്സരത്തിൽ ചേസിങിനായി ഇറങ്ങിയ ന്യൂസിലൻഡിനെതിരെ 10 ഓവറിൽ 59 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് സാൻ്റ്നർ നേടിയിരുന്നു. ഏകദിന ലോകകപ്പ് ചരിത്രത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇടം കയ്യൻ സ്പിന്നറായി മിച്ചൽ സാൻ്റ്നർ മാറി.

മുൻ ഇന്ത്യൻ താരം യുവരാജ് സിങും ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും മാത്രമാണ് ഇതിന് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്. 2011 ലോകകപ്പിൽ ബാംഗ്ലൂരിൽ അയർലൻഡിനെതിരെ 31 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയാണ് യുവരാജ് ഈ നേട്ടം കരസ്ഥമാക്കിയത്. മറുഭാഗത്ത് കഴിഞ്ഞ ലോകകപ്പിൽ സൗത്താപ്ടണിൽ അഫ്ഗ്ഹാനിസ്ഥാനെതിരെym 29 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയാണ് ഷാക്കിബ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.

ലോകകപ്പ് ചരിത്രത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ന്യൂസിലൻഡ് ബൗളറാണ് സാൻ്റ്നർ.