Skip to content

16 കോടിയിൽ നിന്നും 1600 കോടിയിലേക്ക് !! ക്രിക്കറ്റിൽ നിന്നും പണം വാരാൻ ഒരുങ്ങി ഒളിമ്പിക്സ്

നീണ്ട 128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിലേക്ക് തിരിച്ചെത്തുകയാണ് ക്രിക്കറ്റ്. 1900 പാരിസ് ഒളിമ്പിക്സിൻ്റെ ഭാഗമായിരുന്ന ക്രിക്കറ്റ് പിന്നീട് ഒരു ഒളിമ്പിക്സിലും ഉണ്ടായിരുന്നില്ല. എന്നാൽ 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് വീണ്ടും തിരിച്ചെത്തുകയാണ്.

ഈ ആഴ്ച്ച മുംബൈയിൽ വെച്ചായിരിക്കും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. എന്നാൽ പ്രഖ്യാപനം വെറും ചടങ്ങ് മാത്രമായിരിക്കും. ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉണ്ടാകുമെന്ന് ഇതിനോടകം തന്നെ ഉറപ്പായികഴിഞ്ഞു.

ഐസിസിയുടെ ദീർഘനാൾ നീണ്ട പരിശ്രമമാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. ഒളിമ്പിക്സിൽ എത്തുന്നതോടെ ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ വളർച്ച കൈവരിക്കാൻ ക്രിക്കറ്റിന് സാധിക്കും. ക്രിക്കറ്റിന് മാത്രമല്ല ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത് വഴി വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം ഒളിമ്പിക്സിന് ലഭിക്കും.

ഇന്ത്യയിൽ നിലവിൽ 16 കോടി മാത്രമാണ് മീഡിയ റൈറ്റ്സ് വിൽപ്പനയിലൂടെ ഒളിംപിക്സിന് ലഭിക്കുന്നത്. എന്നാൽ ക്രിക്കറ്റിൻ്റെ വരവോടെ അത് 1600 കോടിയിലേക്ക് കുതിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിൽ നിന്നും മാത്രമല്ല ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുളള വരുമാനത്തിലും വലിയ വർധനയുണ്ടാകും. ഒളിമ്പിക്സിലെ മറ്റു കായികയിനം നോക്കിയാലും അതിൽ നിന്ന് പരസ്യവരുമാനം ലഭിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ ക്രിക്കറ്റിലൂടെ വലിയ തോതിൽ പരസ്യവരുമാനവും ചാനലുകൾക്ക് നേടാൻ സാധിക്കും.

6 ടീമുകൾ അടങ്ങിയ ടൂർണമെൻ്റാണ് ഐസിസി മുൻപോട്ട് വെച്ചിരിക്കുന്നത്. ഐസിസി റാങ്കിങ് പ്രകാരമായിരിക്കും ടീമുകളെ നിർണയിക്കപെടുക.