Skip to content

ഇത് നിങ്ങൾക്ക് പറ്റിയ പണിയല്ല ! ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം

ഐസിസി ഏകദിന ലോകകപ്പ് സംഘാടനത്തിൽ ബിസിസിഐ പരാജയപെട്ടുവെന്ന വിമർശനവുമായി മുൻ പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ് രംഗത്ത്. അതിരൂക്ഷ വിമർശനമാണ് ഹഫീസ് ബിസിസിഐയ്ക്കെതിരെ നടത്തിയിരുന്നത്.

ഉദ്ഘാടന മത്സരത്തിൽ കാണികളുടെ എണ്ണം കുറഞ്ഞതിൽ ഇന്ത്യയ്ക്ക് അകത്തുനിന്നും ഒപ്പം ആരാധകരിൽ നിന്നും ബിസിസിഐ വിമർശനം നേരിട്ടിരുന്നു. കഴിഞ്ഞ രണ്ട് ലോകകപ്പിലും ഒരു വർഷം മുൻപേ ഷെഡ്യൂൾ പുറത്തുവിട്ടപ്പോൾ ഈ ലോകകപ്പിൻ്റെ ഷെഡ്യൂൾ ജൂൺ മാസം അവസാനത്തിലാണ് പുറത്തുവന്നത്. വിദേശത്ത് നിന്നുള്ള കാണികളുടെ എണ്ണത്തിൽ ഇത് സാരമായി ബാധിച്ചിരുന്നു. ബുക്കിംഗ് ഓൺലൈൻ മാത്രമാക്കിയതും തിരിച്ചടിയായി.

” ഈ ലോകകപ്പിൻ്റെ ഗതി വെറും നാല് ദിവസത്തിനുള്ളിൽ തന്നെ നാം കണ്ടു. ഇതുവരെ വളരെ മോശം ആസൂത്രണവും സംഘാടനവുമാണ് ഞാൻ കണ്ടത്. ഈ ലോകകപ്പിലെ മറ്റൊരു പ്രശ്നം കാണികളുടെ കുറവാണ്. ഒരു ആഗോള ഇവൻ്റിന് ആതിഥേയത്വം വഹിക്കുമ്പോൾ ആഗോളതലത്തിലെ കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുക്കേണ്ടത്. ഇന്ത്യയെ മാത്രം നോക്കിയല്ല തീരുമാനം എടുക്കേണ്ടത്. ” മൊഹമ്മദ് ഹഫീസ് പറഞ്ഞു.

ലോകകപ്പിൽ പാകിസ്ഥാൻ ആരാധകർക്ക് വിസ അനുവദിക്കാത്ത തീരുമാനത്തെയും ഹഫീസ് വിമർശിച്ചു. എവിടെ നിന്നാണ് എന്നത് പരിഗണിക്കരുതെന്നും ഓരോ ടീമിൻ്റെയും ഫാൻസിനും വിസ അനുവദിക്കണമെന്നും ഹഫീസ് പറഞ്ഞു. ധർമ്മശാലയിലെ ഔട്ട് ഫീൽഡിനെതിരെയും ഹഫീസ് വിമർശനം ഉന്നയിച്ചു. അത് കളിക്കാർക്ക് സുരക്ഷിതമല്ലയെന്നും അതൊരു വലിയ ചോദ്യമാണെന്നും ഹഫീസ് കൂട്ടിച്ചേർത്തു.

മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് മത്സരങ്ങൾ എത്തുമ്പോൾ ലോകകപ്പ് കൂടുതൽ ആവേശകരമാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഈ നഗരങ്ങളിലെ എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകൾ ഏറെകുറെ വിറ്റഴിഞ്ഞുകഴിഞ്ഞു. എന്നാൽ ധർമ്മശാല, ലഖ്നൗ മുതലായ വേദികളിൽ മോശം പ്രതികരണമാണ് ലഭിക്കുന്നത്.