Skip to content

അവരുടെ തീരുമാനം അമ്പരിപ്പിച്ചു ! ഇന്ത്യൻ വിജയത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയെ പരാജയപെടുത്തിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. മത്സരത്തെ കുറിച്ചുള്ള നിരീക്ഷണം പങ്കുവെയ്ക്കവെയാണ് ഇന്ത്യയെ സച്ചിൻ പ്രശംസിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയയുടെ ആ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്നും സച്ചിൻ പറഞ്ഞു.

മത്സരത്തിൽ 6 വിക്കറ്റിൻ്റെ തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്നും മത്സരത്തിൽ ജഡേജയെ പോലെ ഒരു ഇടം കയ്യൻ സ്പിന്നറുടെ അഭാവം ഓസ്ട്രേലിയക്ക് തിരിച്ചടിയായെന്നും സച്ചിൻ പറഞ്ഞു.

മത്സരത്തിൽ ഇന്ത്യൻ സ്പിന്നർമാർ 6 വിക്കറ്റ് നേടിയപ്പോൾ ഒരു വിക്കറ്റ് പോലും ഓസ്ട്രേലിയൻ സ്പിന്നർമാർക്ക് നേടാൻ സാധിച്ചില്ല. സാംപ മാത്രമായിരുന്നു ഓസ്ട്രേലിയൻ നിരയിലെ ഒരേയൊരു സ്പെഷ്യാലിസ്റ്റ് സ്പിന്നർ. ആഷ്ടൻ അഗർ പരിക്ക് പറ്റി പുറത്തായതോടെ ഒരേയൊരു സ്പെഷ്യലിസ്റ്റ് സ്പിന്നറുമായി ഓസ്ട്രേലിയക്ക് കളിക്കേണ്ടി വന്നത്.

” ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്തത് എന്നെ അത്ഭുതപെടുത്തി. മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ബൗളർമാർ അവരെ 199 റൺസിൽ ഒതുക്കി. ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം ലഭിച്ചു. പക്ഷേ ഒരു ഇടംകയ്യൻ സ്പിന്നറുടെ അഭാവം അവർക്ക് തിരിച്ചടിയായി. “

” കോഹ്ലിയും കെ എൽ രാഹുലും തമ്മിലുളള കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. അവർ സമർത്ഥമായി സമയം എടുത്തുകൊണ്ടാണ് കളിച്ചത്. മികച്ച തുടക്കത്തിന് ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ ” സച്ചിൻ X ൽ കുറിച്ചു.