Skip to content

തീർച്ചയായും ഭയപെട്ടു ! തുടക്കത്തിലെ തകർച്ചയോട് പ്രതികരിച്ച് രോഹിത് ശർമ്മ

സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. M ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിച്ചത് ടോപ് ഓർഡറിൻ്റെ പ്രകടനം മാത്രമായിരുന്നു. . 200 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരിക്കലും പ്രതീക്ഷിക്കാത്ത തകർച്ചയോടെയാണ് റൺചേസ് തുടങ്ങിയത്. ആ ഘട്ടത്തിൽ താനും തോൽക്കുമോയെന്ന് ഭയപെട്ടുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.

റൺചേസിൽ ഇഷാൻ കിഷൻ ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ രോഹിത് ശർമ്മ നേരിട്ട ആറാം പന്തിലും ശ്രേയസ് അയ്യർ നേരിട്ട അഞ്ചാം പന്തിലുമാണ് പൂജ്യത്തിന് പുറത്തായത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യൻ ടീമിലെ ആദ്യ നാല് ബാറ്റ്സ്മാന്മാരിൽ മൂന്ന് പേരും പൂജ്യത്തിന് പുറത്താകുന്നത്.

ഇന്ത്യയുടെ ഈ മോശം തുടക്കത്തിൽ മറ്റാരെയും പോലെ താനും ഭയപെട്ടുവെന്നും റൺ ചേസിൽ ഇങ്ങനെയൊരു തുടക്കം ആഗ്രഹിക്കുന്നില്ലയെന്നും അതിൻ്റെ ക്രെഡിറ്റ് ഓസ്ട്രേലിയക്ക് നൽകണമെന്നും പക്ഷേ ചില മോശം ഷോട്ടുകളും വിക്കറ്റിലേക്ക് വഴിവെച്ചുവെന്നും പവർപ്ലേയിൽ അതിവേഗം റൺസ് കണ്ടെത്തുകയാണ് വേണ്ടിയിരുന്നതെന്നും രോഹിത് ശർമ്മ പറഞ്ഞു.

തകർച്ചയ്ക്ക് ശേഷം വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും മികവിലാണ് ഇന്ത്യ മത്സരത്തിൽ വിജയം കുറിച്ചത്. നാലാം വിക്കറ്റിൽ 165 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. കോഹ്ലി 116 പന്തിൽ 85 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുൽ 115 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പെടെ 97 റൺസ് നേടി പുറത്താകാതെ നിന്നു. ഒക്ടോബർ പതിനൊന്നിന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.