Skip to content

1996 ന് ലോകകപ്പിന് ശേഷം ഇതാദ്യം ! ഓസ്ട്രേലിയയുടെ റെക്കോർഡ് അവസാനിപ്പിച്ച് ഇന്ത്യ

ഓസ്ട്രേലിയയെ തകർത്തുകൊണ്ട് ലോകകപ്പിൽ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. ചെന്നൈയിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിലെ വിജയത്തോടെ അഞ്ച് ലോകകപ്പ് നീണ്ട ഓസ്ട്രേലിയയുടെ വിജയ റെക്കോർഡ് ഇന്ത്യ അവസാനിപ്പിച്ചിരിക്കുകയാണ്.

മത്സരത്തിൽ ഓസ്ട്രേലിയയെ 199 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 200 റൺസിൻ്റെ വിജയലക്ഷ്യം 41.2 ഓവറിൽ മറികടന്നാണ് വിജയം കുറിച്ചത്. ഇഷാൻ കിഷൻ, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ എന്നിവർ പൂജ്യത്തിന് പുറത്തായപ്പോൾ 85 റൺസ് നേടിയ വിരാട് കോഹ്ലിയും 97 റൺസ് നേടി പുറത്താകാതെ നിന്ന കെ എൽ രാഹുലുമാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.

1996 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ പരാജയപെടുന്നത്. 2003, 2007, 2011, 2015, 2019 തുടങ്ങിയ അഞ്ച് ഏകദിന ലോകകപ്പിലും അഞ്ചിലും ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നു.

ഏകദിന ലോകകപ്പിൽ ചെന്നൈയിൽ ഓസ്ട്രേലിയ നേരിടുന്ന ആദ്യ തോൽവി കൂടിയാണിത്. ഇതിന് മുൻപ് ചെന്നൈയിൽ വെച്ചുനടന്ന മൂന്ന് ലോകകപ്പ് മത്സരങ്ങളിൽ മൂന്നിലും ഓസ്ട്രേലിയ വിജയിച്ചിരുന്നു. ഇന്ത്യയിൽ കളിച്ച 19 ലോകകപ്പ് മത്സരങ്ങളിൽ ഓസ്ട്രേലിയയുടെ നാലാമത്തെ മാത്രം തോൽവിയാണിത്.