Skip to content

പ്രതീക്ഷിച്ചത് ഫോർ ! സിക്സായതിൽ ഞെട്ടി കെ എൽ രാഹുൽ

ഐസിസി ഏകദിന ലോകകപ്പിൽ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ആതിഥേയരായ ഇന്ത്യ. തുടക്കത്തിൽ തകർന്ന ശേഷമാണ് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും മികവിൽ ഇന്ത്യ വിജയം കുറിച്ചത്.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം 41.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. കോഹ്ലി 116 പന്തിൽ 85 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുൽ 115 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പടെ 97 റൺസ് നേടി പുറത്താകാതെ നിന്നു.

42 ആം ഓവറിലെ രണ്ടാം പന്തിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ സിക്സ് പറത്തികൊണ്ടാണ് കെ എൽ രാഹുൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. എന്നാൽ ഇന്ത്യൻ വിജയത്തിലും സിക്സ് നേടിയതിൽ കെ എൽ രാഹുൽ പകച്ചു. കാരണം സിക്സ് നേടിയതോടെ സെഞ്ചുറി നേടാനുള്ള അവസരമാണ് താരത്തിന് നഷ്ടമായത്. വിജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെയാണ് കെ എൽ രാഹുൽ സിക്സ് പറത്തിയത്. എന്നാൽ ഫോർ നേടി പിന്നീട് സിക്സ് നേടിയിരുന്നുവെങ്കിലും സെഞ്ചുറി നേടി ഇന്നിങ്സ് കൂടുതൽ മനോഹരമാക്കാൻ കെ എൽ രാഹുലിന് സാധിക്കുമായിരുന്നു.

സെഞ്ചുറി നേടുക തന്നെയായിരുന്നു ലക്ഷ്യമെന്ന് മത്സരശേഷം കെ എൽ രാഹുൽ തുറന്നുപറയുകയും ചെയ്തു. സെഞ്ചുറി നേടാൻ ഫോർ നേടി പിന്നീട് സിക്സ് നേടുക മാത്രമായിരുന്നു വഴിയെന്നും പക്ഷേ സെഞ്ചുറി നഷ്ടപെട്ടതിൽ വിഷമമില്ലയെന്നും കെ എൽ രാഹുൽ പറഞ്ഞു.