Skip to content

രക്ഷകരായി കിങ് കോഹ്ലിയും കെ എൽ രാഹുലും ! ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയ്ക്ക് വിജയതുടക്കം. ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. കിങ് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം 41.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

200 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വമ്പൻ തകർച്ചയോടെയാണ് ആരംഭിച്ചത്. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷനെ നഷ്ടമായ ഇന്ത്യയ്ക്ക് തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും ശ്രേയസ് അയ്യരിനെയും നഷ്ടമായി. മൂവരും റൺസ് ഒന്നും നേടാതെയാണ് പുറത്തായത്.

എന്നാൽ തകർച്ചയിൽ കിംഗ് കോഹ്ലിയും കെ എൽ രാഹുലും ഇന്ത്യയുടെ രക്ഷകരായി മാറുകയായിരുന്നു. നാലാം വിക്കറ്റിൽ 164 റൺസ് കോഹ്ലിയും കെ എൽ രാഹുലും ചേർന്ന് കൂട്ടിചേർത്തു. കോഹ്ലി 116 പന്തിൽ 85 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുൽ 115 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പെടെ പുറത്താകാതെ 97 റൺസ് അടിച്ചുകൂട്ടി.

അതിനിടെ 12 ൽ നിൽക്കെ കോഹ്ലിയുടെ ക്യാച്ച് മിച്ചൽ മാർഷ് വിട്ടതും ഓസ്ട്രേലിയക്ക് തിരിച്ചടിയായി.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 49.3 ഓവറിൽ 199 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 46 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 41 റൺസ് നേടിയ ഡേവിഡ് വാർണറും മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ഓസ്ട്രേലിയൻ ബാറ്റിങ് നിരയെ തകർത്തത്. ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ മൊഹമ്മദ് സിറാജ്, രവിചന്ദ്രൻ അശ്വിൻ, ഹാർദിക്ക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഒക്ടോബർ പതിനൊന്നിന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. ഒക്ടോബർ 12 ന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.