Skip to content

വെറും 29 പന്തിൽ സെഞ്ചുറി ! റെക്കോർഡുകൾ തകർത്ത് ഓസ്ട്രേലിയൻ താരം

ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റായ മാർഷ് കപ്പിൽ അവിശ്വസനീയ പ്രകടനത്തിലൂടെ ഞെട്ടിച്ച് യുവതാരം ജേക്ക് ഫ്രേസർ മക്ഗുർക്ക്. സൗത്ത് ഓസ്ട്രേലിയയും ടാസ്മാനിയയും തമ്മിൽ നടന്ന മത്സരത്തിലാണ് സൗത്ത് ഓസ്ട്രേലിയക്കായി അതിവേഗ സെഞ്ചുറി നേടി ഡിവില്ലിയേഴ്സ് അടക്കമുള്ളവരെ താരം പിന്നിലാക്കിയത്.

മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ താരം 29 പന്തിൽ നിന്നുമാണ് സെഞ്ചുറി പൂർത്തിയാക്കിയത്. ഒമ്പതാം ഓവറിൽ സെഞ്ചുറി നേടിയ താരം പന്ത്രണ്ടാം ഓവറിൽ 38 പന്തിൽ 10 ഫോറും 13 സിക്സും ഉൾപ്പെടെ 125 റൺസ് നേടിയാണ് പുറത്തായത്.

ഈ പ്രകടനത്തോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോർഡ് താരം സ്വന്തമാക്കി. 2015 ൽ വെസ്റ്റിൻഡീസിനെതിരെ 31 പന്തിൽ സെഞ്ചുറി നേടിയ മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സിൻ്റെ റെക്കോർഡാണ് താരം തകർത്തത്.

മത്സരത്തിൽ 18 പന്തിൽ നിന്നുമാണ് ഫ്റേസർ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിലെ തന്നെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയാണിത്. 19 പന്തിൽ ഫിഫ്റ്റി നേടിയിരുന്ന മാക്സ്വെല്ലിൻ്റെ റെക്കോർഡാണ് താരം തകർത്തത്.