Skip to content

ചരിത്രത്തിൽ ഇതാദ്യം !! ഒടുവിൽ ആ കാത്തിരിപ്പ് അവസാനിപ്പിച്ച് പാകിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെ തോൽപ്പിച്ചുകൊണ്ട് വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ് പാകിസ്ഥാൻ. നെതർലൻഡ്സ് മികച്ച പോരാട്ടം നടത്തിയെങ്കിൽ കൂടിയും പാകിസ്ഥാനെ മറികടക്കാനായില്ല. മത്സരത്തിലെ വിജയത്തോടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് പാകിസ്ഥാൻ.

ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 81 റൺസിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 287 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 41 ഓവറിൽ 205 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

ഇന്ത്യൻ മണ്ണിൽ പാകിസ്ഥാൻ നേടുന്ന ആദ്യ ഏകദിന ലോകകപ്പ് വിജയമാണിത്. ഇതിന് മുൻപ് ഇന്ത്യൻ മണ്ണിൽ കളിച്ച ഏകദിന ലോകകപ്പ് മത്സരങ്ങളിൽ രണ്ടിലും പാകിസ്ഥാൻ പരാജയപെട്ടിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ വിജയം നേടാനുള്ള അവസരം നെതർലൻഡ്സിന് മുൻപിലുണ്ടായിരുന്നു. 287 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് പട ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് നേടിയിരുന്നു. എന്നാൽ 52 റൺസ് നേടിയ വിക്രംജിത് സിങ് പുറത്തായതോടെ നെതർലൻഡ്സിൻ്റെ തകർച്ച ആരംഭിച്ചു. പിന്നീട് 67 റൺസ് നേടിയ ബാസ് ഡി ലീഡിനെ മൊഹമ്മദ് നവാസ് പുറത്തായതോടെ പാകിസ്ഥാൻ ഏറെക്കുറെ വിജയം ഉറപ്പിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഹാരിസ് റൗഫും രണ്ട് വിക്കറ്റ് നേടിയ ഹസൻ അലിയുമാണ് പാകിസ്ഥാനായി തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം 68 റൺസ് നേടിയ സൗദ് ഷക്കീലിൻ്റെയും മൊഹമ്മദ് റിസ്വാൻ്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്. ഒക്ടോബർ ഒമ്പതിന് ന്യൂസിലൻഡിനെതിരെയാണ് നെതർലൻഡ്സിൻ്റെ അടുത്ത മത്സരം. ഒക്ടോബർ പത്തിന് ശ്രീലങ്കയ്ക്കെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം.