Skip to content

അവനാ നിർദ്ദേശം ഞാൻ നൽകിയിട്ടുണ്ട് ! ഇന്ത്യൻ താരത്തിൽ ആത്മവിശ്വാസം അറിയിച്ച് രാഹുൽ ദ്രാവിഡ്

ഏകദിന ലോകകപ്പിൽ ശക്തമായ ടീമുമായാണ് ഇന്ത്യ ഇക്കുറി എത്തിയിരിക്കുന്നത്. എന്നാൽ ലോകകപ്പ് ടീം തിരഞ്ഞെടുപ്പിൽ വലിയ വിമർശനവും ഇന്ത്യ നേരിട്ടിരുന്നു. അതിൽ ചർച്ചകൾക്ക് വഴിവെച്ചത് സൂര്യകുമാർ യാദവിൻ്റെ സെലക്ഷനായിരുന്നു. എന്നാൽ വലിയ പിന്തുണ താരത്തിന് ടീമിൽ നിന്നും ലഭിച്ചിരുന്നു. ഇപ്പോഴിതാ ആദ്യ മൽസരത്തിന് മുൻപും സൂര്യകുമാർ യാദവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്.

ഏകദിനത്തിൽ മോശം ഫോമിൽ തുടർന്നിരുന്ന താരം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ അതിഗംഭീര പ്രകടനം പുറത്തെടുത്ത് ഫോമിൽ തിരിച്ചെത്തിയിരുന്നു. അവസാന ഓവറുകളിൽ ക്രീസിൽ എത്തിയതിനാൽ തന്നെ ടി20 ക്രിക്കറ്റിലെ പോലെ അതിവേഗം റൺസ് നേടി തകർത്തടിച്ചുകളിക്കുവാൻ താരത്തിന് സാധിച്ചു.

ഫോമിൽ എത്തിയെങ്കിൽ കൂടിയും ചില കാര്യങ്ങൾ സൂര്യകുമാർ യാദവ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മികച്ച ആത്മവിശ്വാസം ആ രണ്ട് ഇന്നിങ്സുകൾ സൂര്യകുമാർ യാദവിന് നൽകിയിട്ടുണ്ടാകുമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

” അവൻ ചില കാര്യങ്ങളിൽ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അവൻ പുതിയ കാര്യങ്ങൾ പഠിക്കുന്നു. ടി20 ക്രിക്കറ്റിൽ നിന്നും ഉപരിയായി ഏകദിനത്തിൽ റൺസ് നേടുവാൻ മറ്റു വഴികൾ തേടണമെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. ക്രെഡിറ്റ് അവന് തന്നെ നൽകണം. കാരണം അവൻ നന്നായി പ്രയത്നിക്കുന്നു. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.

നാളെ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അസുഖ ബാധിതനായ ശുഭ്മാൻ ഗിൽ മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചേക്കില്ല. അങ്ങനെയെങ്കിൽ ഇഷാൻ കിഷൻ ഉന്ത്യയ്ക്കായി ഓപ്പൺ ചെയ്തേക്കും.