Skip to content

സച്ചിൻ വീഴുമോ ! കിങ് കോഹ്ലിയുടെ റെക്കോർഡിനായി ആകാംക്ഷയോടെ ആരാധകർ

ഐസിസി ഏകദിന ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിനായി നാളെ ഇറങ്ങുകയാണ് ആതിഥേയരായ ഇന്ത്യ. ചെന്നൈയിൽ ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. കിരീടനേട്ടം എന്നത് തന്നെയാണ് കളിക്കാരുടെയും ഒപ്പം ആരാധകരുടെയും ഒരേയൊരു ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഈ ലോകകപ്പിൽ പല വമ്പൻ റെക്കോർഡുകൾ തകരാനും സാധ്യതയുണ്ട്. അതിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ തന്നെയാണ്.

കോഹ്ലിയുടെ വരവിന് മുൻപ് സച്ചിൻ്റെ സെഞ്ചുറി റെക്കോർഡ് മറികടക്കാൻ ഇനിയൊരു താരത്തിനും സാധിക്കുകയില്ലെന്നായിരുന്നു ഭൂരിഭാഗം ആരാധകരും കണക്കുകൂട്ടിയത്. എന്നാൽ തൻ്റെ വരവും പിന്നീട് ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രകടനവും കൊണ്ട് കൊഹ്ലി സച്ചിനെ അനായാസം മറികടക്കുമെന്ന തോന്നൽ പോലും ആരാധകരിൽ ഉണ്ടായി. എന്നാൽ ദൈവത്തെ പിന്നിലാക്കുകയെന്നത് കോഹ്ലിയ്ക്ക് എളുപ്പമായിരുന്നില്ല.

മോശം ഫോമിൽ അല്ലാഞ്ഞിട്ടുപോലും സെഞ്ചുറികളിലേക്ക് എത്തുവാൻ ഒരു കാലയളവിൽ കോഹ്ലിയ്ക്ക് സാധിച്ചില്ല. കൂടാതെ ഭൂരിഭാഗം ഏകദിന മത്സരങ്ങളിലും കോഹ്ലിയ്ക്ക് ഇന്ത്യ വിശ്രമം നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഈ ലോകകപ്പിലേക്ക് എത്തുമ്പോൾ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന സച്ചിൻ്റെ റെക്കോർഡ് മറികടക്കാൻ വലിയ അവസരമാണ് കോഹ്ലിയ്ക്ക് മുൻപിലുള്ളത്. നിലവിൽ 47 സെഞ്ചുറിയാണ് ഈ ഫോർമാറ്റിൽ കോഹ്ലി നേടിയിട്ടുള്ളത്. മൂന്ന് സെഞ്ചുറി നേടാനായാൽ സച്ചിനെ പിന്നിലാക്കുവാൻ കോഹ്ലിയ്ക്ക് സാധിക്കും.

എന്നാൽ ഈ ലോകകപ്പിൽ അതിന് സാധിച്ചില്ലയെങ്കിൽ പിന്നീട് ഈ റെക്കോർഡ് തകർക്കാൻ ഏറെ നാൾ കാത്തിരിക്കേണ്ടിവന്നും അതിനൊപ്പം കോഹ്ലിയ്ക്ക് ഇനിയതിന് സാധിച്ചില്ലയെങ്കിൽ ഈ റെക്കോർഡ് മറ്റൊരാൾക്കും തകർക്കുവാനും സാധിക്കില്ല. ഈ ലോകകപപിന് ശേഷം ഏകദിന മത്സരങ്ങളുടെ എണ്ണം ക്രമാതീതമായി ഐസിസി വെട്ടികുറച്ചേക്കും. ഏകദിന പരമ്പരകൾ ഒഴിവാക്കികൊണ്ട് ഇനി ടി20 ക്രിക്കറ്റിനായിരിക്കും ഐസിസി മുൻഗണന നൽകുക. ഇത് സംബന്ധിച്ച് എം സി സി ഐസിസിയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ പോലും ഏകദിനത്തിന് ജനപ്രീതി കുറയുന്നുണ്ട്. മറുഭാഗത്ത് ടി20 ക്രിക്കറ്റിൻ്റെ ജനപ്രീതി ഏറെ വർദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.