Skip to content

പുലിയല്ല !! പുപ്പിലി ! ഏകദിനത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡുമായി നെതർലൻഡ്സ് താരം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മൽസരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് നെതർലൻഡ്സ് യുവതാരം ബാസ് ഡി ലീഡ് കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഗംഭീര പ്രകടനത്തോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ താരം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെതിരെ 9 ഓവറിൽ 62 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ താരം മറുപടി ബാറ്റിങിൽ നെതർലൻഡ്സിനായി 68 പന്തിൽ 8 ഫോറും രണ്ട് സിക്സും ഉൾപ്പടെ 67 റൺസ് നേടിയിരുന്നു.

ഈയൊരു പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ നാല് വിക്കറ്റും 50+ റൺസും നേടുന്ന ആദ്യ താരമെന്ന ചരിത്രറെക്കോർഡ് ബാസ് ഡി ലീഡ് സ്വന്തമാക്കി. ഇതിന് മുൻപ് ജൂലൈയിൽ നടന്ന ലോകകപ്പ് ക്വാളിഫയറിൽ സ്കോട്ലൻഡിനെതിരെ പത്തോവറിൽ 52 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ താരം മറുപടി ബാറ്റിങ്ങിൽ 92 പന്തിൽ 7 ഫോറും 5 സിക്സും ഉൾപ്പടെ 123 റൺസ് നേടിയിരുന്നു. ആ വിജയത്തോടെയാണ് ലോകകപ്പിലേക്ക് നെതർലൻഡ്സ് യോഗ്യത നേടിയതും.

ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ നാല് വിക്കറ്റും 50+ റൺസും നേടുന്ന പത്താമത്തെ താരം കൂടിയാണ് ബാസ് ഡെ ലീഡ്. ഇതിന് മുൻപ് യുവരാജ് സിംങ്, ഷാക്കിബ് അൽ ഹസൻ എന്നിവർ ഉൾപ്പെടെ 9 താരങ്ങൾ ഈ റെക്കോർഡ് നേടിയിട്ടുണ്ട്.