Skip to content

ബൗളർമാർ തിളങ്ങി ! നെതർലൻഡ്സിനെ തകർത്ത് പാകിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാന് വിജയതുടക്കം. ഹൈദരബാദിൽ നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിൽ 81 റൺസിനായിരുന്നു ബാബർ അസമിൻ്റെയും കൂട്ടരുടെയും വിജയം.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 287 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 41 ഓവറിൽ 205 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

67 പന്തിൽ 4 ഫോറും ഒരു സിക്സും ഉൾപ്പടെ 52 റൺസ് നേടിയ വിക്രംജിത് സിങ്, 68 പന്തിൽ 6 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 67 റൺസ് നേടിയ ബാസ് ഡെ ലീഡ് എന്നിവർ മാത്രമാണ് നെതർലൻഡ്സ് നിരയിൽ തിളങ്ങിയത്.

പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും ഹസൻ അലി രണ്ട് വിക്കറ്റും നേടി

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 52 പന്തിൽ 68 റൺസ് നേടിയ സൗദ് ഷക്കീൽ, 75 പന്തിൽ 68 റൺസ് നേടിയ മൊഹമ്മദ് റിസ്വാൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. 38 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് മത്സരത്തിൽ പാകിസ്ഥാൻ തിരിച്ചെത്തിയത്. മൊഹമ്മദ് നവാസ് 39 റൺസും ഷദാബ് ഖാൻ 32 റൺസും നേടിയപ്പോൾ ക്യാപ്റ്റൻ ബാബർ അസമിന് 18 പന്തിൽ 5 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ.

നെതർലൻഡ്സിനായി ബാസ് ഡി ലീഡ് നാല് വിക്കറ്റും അക്കർമാൻ രണ്ട് വിക്കറ്റും നേടി. നാളെ ലോകകപ്പിൽ രണ്ട് മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ ധർമ്മശാലയിൽ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെയും രണ്ടാം മത്സരത്തിൽ ഡൽഹിയിൽ സൗത്താഫ്രിക്ക ശ്രീലങ്കയെയും നേരിടും.