Skip to content

ഗിൽ കളിക്കുമോ ? നിർണായക അപ്ഡേറ്റ് നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

ഐസിസി ഏകദിന ലോകകപ്പിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി ഒരുങ്ങവെ യുവ സൂപ്പർതാരം ശുഭ്മാൻ ഗില്ലിൻ്റെ ആരോഗ്യത്തിൽ പുതിയ അപ്ഡേറ്റ് നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്.

ഞായറാഴ്ച്ച ചെന്നൈയിലാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ മത്സരം നടക്കുന്നത്. എന്നാൽ മത്സരത്തിൽ ശുഭ്മാൻ ഗിൽ കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾ ഇന്ന് പുറത്തുവന്നിരുന്നു. താരത്തിന് ഡെങ്കിപനിയാണെന്ന റിപ്പോർട്ടുകൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ വാർത്തകൾ എല്ലാം തന്നെ ആരാധകർക്ക് വലിയ ആശങ്കയാണ് സമ്മാനിച്ചത്. എന്നാലിപ്പോൾ ആശ്വാസം നൽകുന്ന അപ്ഡേറ്റാണ് രാഹുൽ ദ്രാവിഡ് നൽകിയിരിക്കുന്നത്.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ നിന്നും ഗിൽ പുറത്തായിട്ടില്ലയെന്നും അസുഖത്തിൽ സുഖം പ്രാപിച്ചുവരുന്ന താരം നിലവിൽ മെഡിക്കൽ ടീമിൻ്റെ നിരീക്ഷണത്തിൽ ആണെന്നും നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

നിലവിൽ ഇന്ത്യൻ ടീമിൽ ഏറ്റവും ഫോമിലുള്ള ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലാണ്. ഏഷ്യ കപ്പിൽ 6 മത്സരങ്ങളിൽ നിന്നും 302 റൺസ് നേടി ലീഡിങ് റൺ സ്കോററായ താരം ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഈ വർഷം ഏകദിന ക്രിക്കറ്റിൽ 20 മത്സരങ്ങളിൽ നിന്നും 72.35 ശരാശരിയിൽ 1230 റൺസ് ശുഭ്മാൻ ഗിൽ നേടിയിരുന്നു. അഞ്ച് സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും ഈ വർഷം ഏകദിനത്തിൽ താരം നേടിയിട്ടുണ്ട്.