Skip to content

20 വർഷങ്ങൾക്ക് ശേഷം പിതാവിൻ്റെ നേട്ടം ലോകകപ്പിൽ ആവർത്തിച്ച് നെതർലൻഡ്സ് യുവതാരം

ലോകകപ്പിൽ പാകിസ്ഥാനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് നെതർലൻഡ്സ്. യുവതാരം ബാസ് ഡി ലീഡിൻ്റെ മികവിലാണ് ബാബർ അസമിനെയും കൂട്ടരെയും 300 ന് മുകളിലേക്ക് പോകാതെ നെതർലൻഡ്സ് പിടിച്ചുകെട്ടിയത്. ഈ പ്രകടനത്തോടെ തൻ്റെ പിതാവ് 20 വർഷങ്ങൾക്ക് മുൻപ് ലോകകപ്പ് വേദിയിൽ നേടിയ നേട്ടം ആവർത്തിച്ചിരിക്കുകയാണ് ഡച്ച് താരം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ 286 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 52 പന്തിൽ 68 റൺസ് നേടിയ സൗദ് ഷക്കീലും 75 പന്തിൽ 68 റൺസ് നേടിയ മൊഹമ്മദ് റിസ്വാനുമാന് തുടക്കത്തിൽ തകർന്ന പാകിസ്ഥാനെ കരകയറ്റിയത്. ഫഖർ സമാൻ 12 റൺസും ഇമാം ഉൾ ഹഖ് 15 റൺസും നേടി പുറത്തായപ്പോൾ ബാബർ അസമിന് 5 റൺസ് നേടാനെ സാധിച്ചുള്ളൂ.

9 ഓവറിൽ 62 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ബാസ് ഡി ലീഡാണ് പാകിസ്ഥാനെ പിടിച്ചുകെട്ടിയത്. താരത്തിൻ്റെ പിതാവായ ടിം ഡി ലീഡും നെതർലൻഡ്സിൻ്റെ മുൻ താരവും കൂടിയാണ്. 29 ഏകദിന മത്സരങ്ങളിൽ നെതർലൻഡ്സിനായി അദ്ദേഹം കളിച്ചിട്ടുണ്ട്.

2003 ഏകദിന ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഇന്ത്യയ്ക്കെതിരെ നാല് വിക്കറ്റ് അദ്ദേഹം നേടിയിരുന്നു. 9.5 ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ടിം ഡി ലീഡ് അന്ന് സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, ഹർഭജൻ സിങ്, സഹീർ ഖാൻ എന്നിവരുടെ വിക്കറ്റുകൾ നേടിയിരുന്നു. ഇപ്പോഴിതാ 20 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ പിതാവ് കൈവരിച്ച നേട്ടം മകനും കൈവരിച്ചിരിക്കുകയാണ്.

23 ക്കാരനായ ബാസ് ഡി ലീഡ് നെതർലൻഡ്സിനായി 60 ലധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മികച്ച ഓൾ റൗണ്ടർ കൂടിയായ താരം ഒരു സെഞ്ചുറിയും ഏകദിന ക്രിക്കറ്റിൽ നേടിയിട്ടുണ്ട്.