Skip to content

സർപ്രൈസ് നീക്കവുമായി അഫ്ഗാനിസ്ഥാൻ ! ടീമിൻ്റെ ഉപദേശകനായി മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിന് മുൻപേ സർപ്രൈസ് നീക്കത്തിലൂടെ ആരാധകരെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാൻ ടീം. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ ടീമിന് ഊർജം പകരാൻ മുൻ ഇന്ത്യൻ താരത്തെ തന്നെ ടീമിലെത്തിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ.

മുൻ ഇന്ത്യൻ ക്യാപ്റ്റനും മിഡിൽ ഓർഡർ ബാറ്റ്സ്മാനുമായിരുന്ന അജയ് ജഡേജയെയാണ് അഫ്ഗാനിസ്ഥാൻ ടീമിൻ്റെ ഉപദേശകനായി ടീമിൽ എത്തിച്ചിരിക്കുന്നത്. 1990 കളിൽ ഇന്ത്യൻ ടീമിൻ്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന ജഡേജ 196 ഏകദിന മത്സരങ്ങളും 15 ടെസ്റ്റ് മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

ഏകദിനത്തിൽ 37.47 ശരാശരിയിൽ 6 സെഞ്ചുറിയും 30 ഫിഫ്റ്റിയും ഉൾപ്പെടെ 5359 റൺസ് അജയ് ജഡേജ നേടിയിട്ടുണ്ട്. പത്തിലധികം മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ അജയ് ജഡേജ നയിക്കുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ഇതാദ്യമായാണ് അജയ് ജഡേജ ഒരു ടീമിൻ്റെ പരിശീലക നിരയിലേക്ക് വരുന്നത്. 2015 ൽ ഡൽഹിയുടെ ഹെഡ് കോച്ചായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും വൈകാതെ തന്നെ സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ക്രിക്കറ്റ് കമൻ്റേറ്ററായാണ് അജയ് ജഡേജ പ്രവർത്തിച്ചിരുന്നത്.

അഫ്ഗാനിസ്ഥാനിലേക്ക് വരുമ്പോൾ തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന ടീമിൻ്റെ സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. നിലവിൽ ശ്രീലങ്കയ്ക്കെതിരായ സന്നാഹ മത്സരത്തിനായി ഗുവാഹത്തിയിലാണ് ടീം ഉള്ളത്. ഒക്ടോബർ ഏഴിന് ബംഗ്ലാദേശിനെതിരെയാണ് അഫ്ഗാനിസ്ഥാൻ്റെ ആദ്യ മത്സരം. ധർമ്മശാലയിലാണ് മത്സരം നടക്കുന്നത്. ഒക്ടോബർ പതിനൊന്നിനാണ് ആതിഥേയരായ ഇന്ത്യയ്ക്കെതിരായ അഫ്ഗാനിസ്ഥാൻ്റെ മത്സരം നടക്കുന്നത്.