Skip to content

ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല ! സന്നാഹ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റിയുമായി തിളങ്ങി സ്റ്റീവ് സ്മിത്ത്

തിരുവനന്തപുരത്ത് നടന്ന നെതർലൻഡ്സിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ ഫിഫ്റ്റിയുമായി തിളങ്ങി ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത്. മഴമൂലം ഏറെ വൈകി ആരംഭിച്ച 23 ഓവർ മത്സരത്തിലാണ് മികച്ച പ്രകടനം സ്മിത്ത് പുറത്തെടുത്തത്. മറുഭാഗത്ത് നെതർലൻഡ്സ് ബൗളർമാരും മികവ് പുലർത്തി.

23 ഓവർ മത്സരത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് ഓസ്ട്രേലിയ നേടി. 42 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 55 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. കാമറോൺ ഗ്രീൻ 26 പന്തിൽ 4 ഫോറും ഒരു ഫോറും അടക്കം 34 റൺസ് നേടിയപ്പോൾ അലക്സ് കാരി 25 പന്തിൽ 28 റൺസും സ്റ്റാർക്ക് 22 പന്തിൽ 24 റൺസും നേടി.

നെതർലൻഡ്സിനായി വാൻ ബീക്, വാൻഡർ മെർവെ, ബാസ് ഡെ ലീഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാൻ – സൗത്താഫ്രിക്ക മത്സരം ഇന്നലെ മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്നും മഴ ശമിക്കാതെ പെയ്തുവെങ്കിലും ഗ്രൗണ്ട് സ്റ്റാഫുകളുടെ കഠിന പ്രയത്നം കൊണ്ടാണ് മത്സരം പുനരാരംഭിക്കാൻ സാധിച്ചത്.