Skip to content

തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. പാകിസ്ഥാനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലായിരുന്നു വില്യംസൺ മികവ് പുലർത്തിയത്.

ഈ ഐ പി എല്ലിലെ ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് കെയ്ൻ വില്യംസണ് പരിക്ക് പറ്റിയത്. പിന്നീട് നിരവധി പരമ്പരകൾ വില്യംസണ് നഷ്ടപെട്ടിരുന്നു. പക്ഷേ പരിക്കിനിടയിലും ഇംഗ്ലണ്ട് പര്യടനത്തിൽ അടക്കം വില്യംസൺ ടീമിനൊപ്പം ഉണ്ടായിരുന്നു. തക്ക സമയത്ത് പരിക്കിൽ നിന്നും മുക്തനാകാൻ സാധിച്ചതോടെയാണ് ലോകകപ്പ് ടീമിൽ വില്യംസണെ ഉൾപ്പെടുത്തിയത്.

ഇപ്പോഴിതാ സന്നാഹ മത്സരത്തിൽ തന്നെ ഫിഫ്റ്റി നേടികൊണ്ട് മികവ് പുലർത്തിയിരിക്കുകയാണ് കെയ്ൻ വില്യംസൺ. സന്നാഹ മത്സരത്തിൽ പാകിസ്ഥാനെതിരെ 346 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിനായി 50 പന്തിൽ 54 റൺസ് നേടിയാണ് കെയ്ൻ വില്യംസൺ മടങ്ങിയത്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ 345 റൺസ് നേടിയിരുന്നു. 84 പന്തിൽ 80 റൺസ് നേടിയ ബാബർ അസം, 94 പന്തിൽ 103 റൺസ് നേടിയ മൊഹമ്മദ് റിസ്വാൻ 53 പന്തിൽ 75 റൺസ് നേടിയ സൗദ് ഷക്കീൽ എന്നിവരാണ് പാകിസ്ഥാനായി തിളങ്ങിയത്.