Skip to content

അന്ന് സച്ചിൻ പറഞ്ഞത് എല്ലാവരും അനുസരിച്ചു … ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി യുവരാജ് സിങ്

ഐസിസി ഏകദിന ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. 2011 ന് ശേഷം സ്വന്തം നാട്ടിൽ ഏകദിന ലോകകപ്പ് തിരിച്ചെത്തുമ്പോൾ 2011 ആവർത്തിക്കുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇപ്പോഴിതാ ലോകകപ്പിനൊരുങ്ങുന്ന ടീമിനായി വ്യത്യസ്ത നിർദ്ദേശം മുൻപോട്ട് വെച്ചിരിക്കുകയാണ് ആ ലോകകപ്പിലെ ഹീറോയായ യുവരാജ് സിംഗ്.

2011 ലോകകപ്പിൽ ക്രിക്കറ്റ് ദൈവം സച്ചിൻ നൽകിയ നിർദ്ദേശം ഓർത്തെടുത്തുകൊണ്ടാണ് രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും യുവരാജ് സിംഗ് വ്യത്യസ്തമായ ഈ നിർദ്ദേശം മുൻപോട്ട് വെച്ചിരിക്കുന്നത്.

അന്ന് സോഷ്യൽ മീഡിയ സജീവമല്ലായിരുന്നുവെങ്കിലും ഇന്ത്യൻ ടീമിന് മാധ്യമങ്ങളുടെയും പൊതുജനത്തൻ്റെയും വിചാരണയിൽ കുറവുണ്ടായിരുന്നില്ലയെന്നും പ്രത്യേകിച്ച് ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ തോൽവിയ്ക്ക് ശേഷം വലിയ ആക്രമണം നേരിടേണ്ടിവന്നുവെന്നും പക്ഷേ അതിൽ നിന്നെല്ലാം ടീമിൻ്റെ ശ്രദ്ധ തിരിച്ചത് സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നുവെന്നും യുവരാജ് സിംഗ് ബെളിപെടുത്തി.

” ഇപ്പോൾ സോഷ്യൽ മീഡിയ സജീവമായതിനാൽ ടീമിൻ്റെ ശ്രദ്ധ തിരിയാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ അന്നും മാധ്യമങ്ങളുടെയോ പൊതുജനത്തിൻ്റെയോ വിചാരണകളിൽ കുറവുണ്ടായിരുന്നില്ല. ലോകകപ്പിൽ ജയിക്കേണ്ടിയിരുന്ന മത്സരത്തിൽ സൗത്താഫ്രിക്കയോട് ഞങ്ങൾ പരാജയപെട്ടു. മാധ്യമങ്ങൾ വിചാരണ തുടങ്ങി. ”

” സച്ചിൻ ടീമിനെ വിളിച്ചുകൂട്ടി ഇപ്രകാരം പറഞ്ഞു. നമ്മൾ ടെലിവിഷൻ കാണുന്നത് നിർത്തണം. പത്രം വായിക്കരുത്. എയർപോർട്ടിൽ എത്തുമ്പോൾ ഇയർ ഫോൺ ഉപയോഗിക്കണം. നമ്മുടെ ശ്രദ്ധ ലോകകപ്പിൽ മാത്രമായിരിക്കണം. ടീമിലെ എല്ലാവരും അത് അംഗീകരിച്ചു. സച്ചിൻ പറഞ്ഞത് പ്രകാരം ചെയ്യുകയും അത് വിജയിക്കുകയും ചെയ്തു. ” യുവരാജ് സിങ് പറഞ്ഞു.

ആളുകൾ ഇന്ത്യ മാത്രമാണ് വിജയിക്കുകയെന്നാണ് കരുതുന്നതെന്നും പക്ഷേ നിരവധി മികച്ച ടീമുകൾ ലോകകപ്പിന് ഉണ്ടെന്നും ശ്രദ്ധ ലോകകപ്പിൽ മാത്രമാകണമെന്നും യുവി കൂട്ടിച്ചേർത്തു.