Skip to content

അവർ പോയിരിക്കുന്നത് ശത്രുരാജ്യത്തിൽ !! വിവാദ പ്രസ്താവനയുമായി പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഐസിസി ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ ടീമിന് ഗംഭീര വരവേൽപ്പാണ് ഇന്ത്യ നൽകിയത്. അതീവ സുരക്ഷ തന്നെ പാകിസ്ഥാന് ഇന്ത്യ ഉറപ്പാക്കിയപ്പോൾ ആരാധകരുടെ ഭാഗത്തുനിന്നും മികച്ച സ്വീകരണമാണ് പാക് താരങ്ങൾക്ക് ലഭിച്ചത്. എന്നാൽ ഈ സ്വീകരണത്തിനിടയിലും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സാക അഷ്റഫ്.

പാകിസ്ഥാൻ താരങ്ങൾ പോയിരിക്കുന്നത് ശത്രു രാജ്യത്തേക്കാണെന്ന ചെയർമാൻ്റെ പരാമർശമാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ്റെ ഈ പ്രസ്ഥാവനയ്ക്കെതിരെ ഇന്ത്യൻ ആരാധകർ മാത്രമല്ല പാക് ആരാധകരും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

പാക് താരങ്ങൾക്ക് നൽകിയ പുതിയ കരാറിനെ കുറിച്ച് സംസാരിക്കവെയാണ് ഈ പരാമർശം അഷ്റഫിൽ നിന്നും ഉണ്ടായത്. വളരെ സ്നേഹത്തോടെയാണ് പുതിയ കരാർ കളിക്കാർക്ക് നൽകിയിരിക്കുന്നതെന്നും പാകിസ്ഥാൻ്റെ ചരിത്രത്തിൽ ഇത്രയും വലിയ തുക കളിക്കാർക്ക് നൽകിയിട്ടില്ലയെന്നും ശത്രു രാജ്യത്തിലേക്ക് പോകുമ്പോൾ അവരുടെ മനോവീര്യം ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നുമായിരുന്നു സാക അഷ്റഫ് പറഞ്ഞത്.

ഇന്ത്യ ശത്രു രാജ്യമല്ലെന്നും ശത്രുക്കൾ സാക അഷ്റഫിനെ പോലെയുള്ളവർ ആണെന്നുമായിരുന്നു ഇതിന് പിന്നാലെയുള്ള പാക് ആരാധകരുടെ പ്രതികരണം.

ലോകകപ്പിലേക്ക് വരുമ്പോൾ ഇന്ന് പാകിസ്ഥാൻ ടീം ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരെ ആദ്യ സന്നാഹ മത്സരം കളിക്കും. ഒക്ടോബർ ആറിന് നെതർലൻഡ്സിനെതിരെയാണ് പാകിസ്ഥാൻ്റെ ആദ്യ മത്സരം.

പാകിസ്ഥാൻ ലോകകപ്പ് ടീം: ബാബർ അസം (c), ഷദാബ് ഖാൻ (vc), മുഹമ്മദ് റിസ്വാൻ, ഇമാം ഉൾ ഹഖ്, അബ്ദുല്ല ഷഫീഖ്, സൗദ് ഷക്കീൽ, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ , ആഘ സൽമാൻ, ഷഹീൻ ഷാ അഫ്രീദി, ഒസാമ മിർ.