Skip to content

രോഹിത് ശർമ്മയെ നോക്കൂ !! തമീം ഇഖ്ബാലിനെ കടന്നാക്രമിച്ച് ഷാക്കിബ് അൽ ഹസൻ

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിന് പുറകെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെതിരെ ആരോപണം ഉന്നയിച്ച മുൻ ക്യാപ്റ്റൻ കൂടിയായ തമീം ഇഖ്ബാലിനെ കന്നാക്രമിച്ച് ഷാക്കിബ് അൽ ഹസൻ. അതിരൂക്ഷമായ വിമർശനമാണ് തമീം ഇഖ്ബാലിന് നേരെ ഷാക്കിബ് നടത്തിയത്.

ലോകകപ്പിൽ ഓപ്പണിങിൽ നിന്നും മാറി മധ്യനിരയിൽ കളിക്കണമെന്ന് ടീം ആവശ്യപെട്ടുവെന്നും ആ ആവശ്യം താൻ അംഗീകരിക്കാത്തതാണ് ഒഴിവാക്കപെടാൻ കാരണമെന്നും തമീം ഇഖ്ബാൽ പറഞ്ഞിരുന്നു. എന്നാൽ ടീം ആവശ്യപെടുന്ന പൊസിഷനിൽ കളിക്കുകയാണ് ഒരു കളിക്കാരൻ ചെയ്യേണ്ടതെന്നും തമീമിനെ പോലെ യുള്ളവർ വ്യക്തിഗത നേട്ടങ്ങൾക്കും പേരിനും വേണ്ടി മാത്രമാണ് കളിക്കുന്നതെന്നും ഷാക്കിബ് തുറന്നടിച്ചു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഉദാഹരണമായി ചൂണ്ടികാട്ടിയാണ് തമീമിനെ ഷാക്കിബ് വിമർശിച്ചത്. ഏഴാം നമ്പറിൽ കരിയർ തുടങ്ങിയ രോഹിത് ശർമ്മ പിന്നീട് ഓപ്പണറായി 10000 ത്തിലധികം റൺസ് നേടിയെന്നും ടീമിന് ഏത് പൊസിഷനിലും ബാറ്റ് ചെയ്യുവാൻ രോഹിത് ശർമ്മയെ പോലെയുള്ളവർക്ക് പ്രശ്നമില്ലെന്നും എന്നാൽ തമീമിനെ പോലെയുള്ളവർക്ക് മറ്റാരും കളിക്കേണ്ടെന്ന ചിന്തയാണ് ഉള്ളതെന്നും ഒരു കളിക്കാരൻ ഏതൊരു പൊസിഷനിലും ടീമിന് വേണ്ടി കളിക്കാൻ തയ്യാറാകണമെന്നും സെഞ്ചുറി നേടിയാലും ടീം തോറ്റാൽ എന്താണ് പ്രയോജനമെന്നും ഷാക്കിബ് വിമർശനം ഉന്നയിച്ചു.

തമീം ടീമിനെ കുറിച്ച് ചിന്തിക്കുന്നില്ലയെന്നും ടീമിന് വേണ്ടിയാണ് അവന് മുൻപിൽ അത്തരമൊരു ആവശ്യം മുൻപോട്ട് വെച്ചതെന്നും ഷാക്കിബ് കൂട്ടിച്ചേർത്തു. ബംഗ്ലാദേശിന് വേണ്ടി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസും ഏറ്റവും കൂടുതൽ സെഞ്ചുറിയും നേടിയിട്ടുള്ള താരമാണ് തമീം ഇഖ്ബാൽ.