Skip to content

തിരിച്ചുവരവ് ഗംഭീരമാക്കി മാക്സ്‌വെൽ ! മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ 66 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 353 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 49.4 ഓവറിൽ 286 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 57 പന്തിൽ 5 ഫോറും 6 സിക്സും അടക്കം 81 റൺസ് നേടിയ രോഹിത് ശർമ്മയും 61 പന്തിൽ 56 റൺസ് നേടിയ വിരാട് കോഹ്ലിയും 43 പന്തിൽ 48 റൺസ് നേടിയ ശ്രേയസ് അയ്യരും മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. രവീന്ദ്ര ജഡേജ 35 റൺസ് നേടി പുറത്തായി.

10 ഓവറിൽ 40 റൺസ് വഴങ്ങി 4 വിക്കറ്റ് നേടിയ ഗ്ലെൻ മാക്സ്വെല്ലാണ് ഇന്ത്യയെ തകർത്തത്. ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റുകൾ നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 84 പന്തിൽ 96 റൺസ് നേടിയ മിച്ചൽ മാർഷ്, 61 പന്തിൽ 74 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 58 പന്തിൽ 72 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ, 34 പന്തിൽ 56 റൺസ് നേടിയ ഡേവിഡ് വാർണർ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിരുന്നു.