Skip to content

വെറും 31 പന്തിൽ ഫിഫ്റ്റി !! ഓസ്ട്രേലിയക്കെതിരെ തകർത്തടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി വെടിക്കെട്ട് ബാറ്റിങിലൂടെ മികച്ച തുടക്കം ഹിറ്റ്മാൻ സമ്മാനിച്ചു.

ശുഭ്മാൻ ഗില്ലിൻ്റെയും ഇഷാൻ കിഷൻ്റെയും അഭാവത്തിൽ വിരാട് കോഹ്ലി രോഹിത് ശർമ്മയ്ക്കൊപ്പം ഓപൺ ചെയ്യുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ അശ്വിന് പകരം ടീമിൽ എത്തിയ വാഷിങ്ടൺ സുന്ദറാണ് ഇന്ത്യക്കായി രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്തത്.

ഓപ്പണിംഗ് കൂട്ടുകെട്ടിൽ 74 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. വാഷിങ്ടൺ സുന്ദർ 30 പന്തിൽ 18 റൺസ് നേടി പുറത്തായപ്പോൾ വെറും 31 പന്തിൽ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയ രോഹിത് ശർമ്മ 57 പന്തിൽ 5 ഫോറൂം 6 സിക്സും ഉൾപ്പടെ 81 റൺസ് അടിച്ചുകൂട്ടിയാണ് പുറത്തായത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് നേടിയിരുന്നു. 84 പന്തിൽ 94 റൺസ് നേടിയ മിച്ചൽ മാർഷ്, 61 പന്തിൽ 74 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 58 പന്തിൽ 72 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ, 34 പന്തിൽ 56 റൺസ് നേടിയ ഡേവിഡ് വാർണർഎന്നിവരാണ് ഓസ്ട്രേലിയക്കായി തിളങ്ങിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.