Skip to content

ഇന്ത്യയുടെ തീരുമാനം രക്ഷയായി ! ലോകകപ്പ് വരെ ബാബർ ഒന്നാം സ്ഥാനത്ത് തുടരും

ഐസിസി ഏകദിന റാങ്കിങിൽ ബാബർ അസമിനെ വിറപ്പിച്ച് ശുഭ്മാൻ ഗിൽ. ദീർഘനാൾ എതിരാളികൾ ഇല്ലാതെ ഒന്നാം സ്ഥാനത്ത് തുടർന്ന പാകിസ്ഥാൻ ക്യാപ്റ്റന് ഇനി കാര്യങ്ങൾ എളുപ്പമാവില്ല. പക്ഷേ ഇന്ത്യയുടെ തീരുമാനം ലോകകപ്പ് വരെ ഒന്നാം സ്ഥാനത്ത് തുടരാൻ ബാബർ അസമിനെ സഹായിക്കും.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഫിഫ്റ്റിയും സെഞ്ചുറിയും നേടിയതോടെ ശുഭ്മാൻ ഗിൽ റാങ്കിങിൽ ബാബറിന് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. പരമ്പരയിലെ പ്രകടത്തോടെ കരിയർ ബെസ്റ്റ് റേറ്റിങ് പോയിൻ്റ് ഗിൽ സ്വന്തമാക്കി. 847 പോയിൻ്റ് നിലവിൽ ഗില്ലിനുണ്ട്. 10 പോയിൻ്റ് മാത്രം വ്യത്യാസത്തിൽ 857 പോയിൻ്റോടെയാണ് ബാബർ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

എന്നാൽ ലോകകപ്പ് വരെ പാകിസ്ഥാന് മത്സരങ്ങൾ ഇല്ലാത്തതിനാലും ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഗില്ലിന് ഇന്ത്യ വിശ്രമം അനുവദിച്ചതുകൊണ്ടും ലോകകപ്പിൽ ഒന്നാമനായി തന്നെ ബാബർ അസം കളിക്കും.

പരമ്പരയിലെ രണ്ടാം മത്സരത്തിൽ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ എട്ട് സ്ഥാനങ്ങൾ മെച്ചപെടുത്തി മുപ്പതാം സ്ഥാനത്തെത്തിയപ്പോൾ കെ എൽ രാഹുൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 33 ആം സ്ഥാനത്തെത്തി. ആദ്യ രണ്ട് മൽസരങ്ങളിൽ കളിച്ചില്ലെങ്കിൽ കൂടിയും ബൗളിംഗ് റാങ്കിങിൽ ഇന്ത്യൻ താരം മൊഹമ്മദ് സിറാജ് ഒന്നാം സ്ഥാനം നിലനിർത്തി. 11 പോയിൻ്റ് മാത്രം വ്യത്യാസത്തിൽ ജോഷ് ഹേസൽവുഡ് സിറാജിന് തൊട്ടുപുറകിലുണ്ട്.