Skip to content

അമ്പമ്പോ എന്തൊരു വെടിക്കെട്ട് ! ഹിറ്റ്മാൻ്റെയും മില്ലറുടെയും റെക്കോർഡ് തകർത്ത് നേപ്പാൾ യുവതാരം

ഏഷ്യൻ ഗെയിംസിൽ മംഗോളിയക്കെതിരായ മത്സരത്തിന് പുറകെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ സകലമാന റെക്കോർഡുകളും തകർത്തിരിക്കുകയാണ് നേപ്പാൾ. ടീം റെക്കോർഡിനൊപ്പം മത്സരത്തിലെ ഗംഭീര സെഞ്ചുറിയോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, സൗത്താഫ്രിക്കൻ സൂപ്പർതാരം ഡേവിഡ് മില്ലർ എന്നിവരുടെ റെക്കോർഡുകൾ തകർത്തിരിക്കുകയാണ് പത്തൊമ്പതുകാരനായ നേപ്പാളിൻ്റെ യുവതാരം.

മത്സരത്തിൽ 273 റൺസിൻ്റെ വമ്പൻ വിജയം നേപ്പാൾ നേടിയിരുന്നു. നേപ്പാൾ ഉയർത്തിയ 315 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന മംഗോളിയക്ക് 13.1 ഓവറിൽ 41 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

ആദ്യം ബാറ്റ് ചെയ്ത നേപ്പാളിന് വേണ്ടി യുവതാരം കുശാൽ മല്ല 50 പന്തിൽ 8 ഫോറും 12 സിക്സും ഉൾപ്പെടെ 137 റൺസ് നേടിയിരുന്നു. വെറും 34 പന്തിൽ നിന്നുമാണ് ഈ യുവതാരം തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്.

ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് കുശാൽ മല്ല സ്വന്തമാക്കി. 2017 ൽ ബംഗ്ലാദേശിനെതിരെ 35 പന്തിൽ സെഞ്ചുറി നേടിയ ഡേവിഡ് വാർണർ, അതേ വർഷം ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മ, 2019 ൽ തുർക്കിയ്ക്കെതിരെ ചെക് റിപ്പബ്ലിക്കിനായി 35 പന്തിൽ സെഞ്ചുറി നേടിയ വിക്രംശേഖര എന്നിവരുടെ റെക്കോർഡാണ് കുശാൽ മല്ല തകർത്തത്.

മത്സരത്തോടെ ടി20 ക്രിക്കറ്റിൽ 300 കടക്കുന്ന ആദ്യ ടീമായി മാറിയ നേപ്പാൾ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയവും സ്വന്തമാക്കി. മത്സരത്തിൽ 9 പന്തിൽ ഫിഫ്റ്റി നേടികൊണ്ട് ദിപേന്ദ്ര സിങ് ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയെന്ന യുവരാജ് സിങിൻ്റെ റെക്കോർഡും തകർത്തു.