Skip to content

ഇത് ചരിത്രം !! യുവരാജ് സിങിൻ്റെ റെക്കോർഡ് തകർത്ത് നേപ്പാൾ താരം

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ റെക്കോർഡുകൾ കടപുഴക്കി നേപ്പാൾ. മംഗോളിയക്കെതിരായ മത്സരത്തിലാണ് നിരവധി റെക്കോർഡുകൾ നേപ്പാൾ തകർത്തത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേപ്പാൾ കുറിച്ചപ്പോൾ ദിപെന്ദ്ര സിങ് യുവരാജ് സിങിൻ്റെ 16 വർഷം നീണ്ട റെക്കോർഡും തകർത്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ നിശ്ചിത 20 ഓവറിൽ 314 റൺസ് നേടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ടീമായി നേപ്പാൾ മാറി. ഇതാദ്യമായാണ് ഈ ഫോർമാറ്റിൽ ഒരു ടീം 300 ലധികം റൺസ് നേടുന്നത്.

50 പന്തിൽ 8 ഫോറും 12 സിക്സും അടക്കം 137 റൺസ് നേടിയ കുശാൽ മല്ല, 27 പന്തിൽ 61 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് പൗഡൽ, 10 പന്തിൽ 52 റൺസ് നേടിയ ദിപേന്ദ്ര സിങ് എന്നിവരാണ് നേപ്പാളിന് വേണ്ടി തിളങ്ങിയത്. ഇതിൽ വെറും 9 പന്തിൽ നിന്നുമാണ് ദിപേന്ദ്ര സിങ് തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്.

ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് താരം സ്വന്തമാക്കി. നേരിട്ട 10 പന്തിൽ 8 സിക്സ് താരം പറത്തി. 2007 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ സിക്സ് നേടിയ ഇന്ത്യൻ താരം യുവരാജ് സിങിൻ്റെ റെക്കോർഡാണ് ഈ താരം തകർത്തത്. ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി കൂടിയാണിത്.