Skip to content

ഇന്ത്യയ്ക്കാരിൽ ഞാനത് പ്രതീക്ഷിക്കുന്നു : പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ആശങ്കൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഐസിസി ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് തിരിച്ചിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. ദുബായ് വഴി നാളെ പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് പുറപ്പെടും മുൻപ് ഇന്ത്യൻ ആരാധകരോട് അഭ്യർഥന നടത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം.

ഏറെ വൈകിയാണ് ഇന്ത്യ പാകിസ്ഥാൻ താരങ്ങൾക്ക് വിസ അനുവദിച്ചിരിക്കുന്നത്. ഏഷ്യ കപ്പിന് പിന്നാലെ വിസയ്ക്കായി അപേക്ഷ നൽകിയെങ്കിലും കഴിഞ്ഞ ദിവസമാണ് വിസ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ അനുവാദം നൽകിയത്. കളിക്കാർ എത്തുമെങ്കിലും മറ്റു ലോകകപ്പിലെ പോലെ പാകിസ്ഥാൻ ആരാധകർക്ക് തങ്ങളുടെ ടീമിൻ്റെ മത്സരം നേരിട്ട് കാണാൻ സാധിക്കില്ല.

റിപ്പോർട്ടുകൾ പ്രകാരം പാകിസ്ഥാൻ ആരാധകർക്ക് ഇതുവരെ ഇന്ത്യ വിസ അനുവദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകരുടെ അഭാവത്തിലായിരിക്കും പാകിസ്ഥാൻ കളിക്കുക. ഈ ലോകകപ്പിൽ തങ്ങളുടെ ആരാധകരെ മിസ്സ് ചെയ്യുമെന്ന് വ്യക്തമാക്കിയ ബാബർ ഇന്ത്യൻ ആരാധകരിൽ നിന്നും പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

” നിഭാഗ്യവശാൽ ആരാധകരെ ഞങ്ങൾ മിസ്സ് ചെയ്യും. പക്ഷേ ഞങ്ങളുടെ എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകൾ വിറ്റഴിഞ്ഞുവെന്നാണ് ഞാൻ കേട്ടത്. വലിയ ജനകൂട്ടത്തിന് മുൻപിലായിരിക്കും ഞങ്ങൾ കളിക്കുന്നത്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.” ബാബർ അസം പറഞ്ഞു.

ഒക്ടോബർ ആറിന് നെതർലൻഡ്സിനെതിരെയാണ് പാകിസ്ഥാൻ്റെ ആദ്യ മത്സരം. അതിന് മുൻപായി സെപ്റ്റംബർ 29 ന് ന്യൂസിലൻഡിനെതിരെയും ഒക്ടോബർ മൂന്നിന് ഓസ്ട്രേലിയക്കെതിരെയും പാകിസ്ഥാൻ സന്നാഹ മത്സരങ്ങൾ കളിക്കും.