Skip to content

ധോണിയല്ല ലോകകപ്പ് നേടിയത് !! ഗംഭീറിനോട് യോജിച്ച് ഡിവില്ലിയേഴ്സ്

ടൂർണമെൻ്റുകൾ വിജയിക്കുന്ന ക്രെഡിറ്റ് ചില താരങ്ങളിൽ മാത്രമായി ഒതുങ്ങിപോകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവിലിയേഴ്സ്. പലപ്പോഴും ഗംഭീർ മുൻപോട്ട് വെച്ചിട്ടുള്ള അഭിപ്രായത്തിന് സമാനമായ പ്രതികരണമാണ് ഇപ്പോൾ ഡിവില്ലിയേഴ്സിൽ നിന്നും ഉണ്ടായിരിക്കുന്നത്.

2011 ഏകദിന ലോകകപ്പ് വിജയത്തിൻ്റെയും 2007 ടി20 ലോകകപ്പ് വിജയത്തിൻ്റെയും ക്രെഡിറ്റ് ധോണിയിലേക്ക് മാത്രമായി ചുരുങ്ങിപോകുന്നതിൽ വലിയ എതിപ്പ് പല കുറി ഗംഭീർ പ്രകടിപ്പിച്ചത്. ലോകകപ്പിൽ സഹീർ ഖാനും യുവരാജ് സിങും അടക്കമുള്ളവർ വഹിച്ച പങ്കിനെ കുറിച്ച് ആരും ഓർക്കുന്നില്ലയെന്നും യുവരാജ് സിങ് ഇല്ലെങ്കിൽ ഇന്ത്യ ലോകകപ്പ് നേടുകയില്ലായിരുന്നുവെന്നും അടുത്തിടെ ഗംഭീർ പറഞ്ഞിരുന്നു.

ഇതിന് സമാനമായ അഭിപ്രായമാണ് ഇപ്പോൾ എ ബി ഡിവില്ലിയേഴ്സും പങ്കുവെച്ചിരിക്കുന്നത്. ക്രിക്കറ്റ് എന്നത് ടീം ഗെയിമാണെന്നും ഒരിക്കലും ഒരു താരം വിചാരിച്ചതുകൊണ്ട് ലോകകപ്പ് നേടുവാൻ സാധിക്കുകയില്ലെന്നും എ ബി പറഞ്ഞു.

” ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിമാണ്. ഒരു കളിക്കാരന് മാത്രമായി ലോകകപ്പ് വിജയിക്കാനാകില്ല. സോഷ്യൽ മീഡിയയിൽ ധോണിയാണ് ലോകകപ്പ് നേടിയതെന്ന് ചിലർ പറയുന്നത് ഞാൻ കണ്ടു. അത് ശരിയല്ല. ”

” എം എസ് ധോണിയല്ല ലോകകപ്പ് നേടിയത്, ഇന്ത്യൻ ടീമാണ്. ലോർഡ്സിൽ ലോകകപ്പ് ഉയർത്തിയത് ബെൻ സ്റ്റോക്സല്ല ഇംഗ്ലണ്ട് ടീമാണ്. ലോകകപ്പ് നേടുന്നത് വലിയൊരു പ്രക്രിയയാണ്. കോച്ചിങ് സ്റ്റാഫ് മുതൽ സെലക്‌ടർമാർ വരെ, ബോർഡ് മെമ്പർമാർ, കളിക്കാർ, സബ്സ് എല്ലാവർക്കും അതിൽ പങ്കുണ്ട്. ” ഡിവില്ലിയേഴ്സ് പറഞ്ഞു.